Tuesday, 29 June 2010

മാലാഖ....

അടഞ്ഞു കിടക്കുന്ന ഈ സ്കാനിംഗ്‌ റൂമിന് മുന്നില്‍ നിന്നെയും കാത്തിരിക്കുമ്പോള്‍ എന്റെ ചിന്തകള്‍ക്ക് കനം വെച്ച് തുടങ്ങുന്നു. ഇനിയും ഒരു മണിക്കൂര്‍ ഉണ്ട് സ്കാനിംഗ്‌ തുടങ്ങാന്‍. ആദ്യ നമ്പര്‍ കൈക്കലാക്കി ഞാന്‍ കാത്തിരിക്കുകയാണ്‌ നിനക്കായും പിന്നെ എന്റെ പേര് വിളിക്കുന്നത്‌ കേള്‍ക്കാനായും. നീ എന്താണ് ഇനിയും വൈകുന്നത്....? കഴിഞ്ഞ തവണ താമസിച്ചു വന്നതിന്റെ പരിഹാരമെന്നോണം ഇത്തവണ ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങിയിട്ടും...? പഴി മുഴുവനും ഈ തിരക്ക് പിടിച്ച നഗരത്തിന്റെ ട്രാഫിക്കിനു ആയിരിക്കാം അല്ലെ....

മനസ് വല്ലാതെ ചന്ച്ചലപ്പെടുന്നു.... നിന്റെ ആശ്വാസവാക്കുകളും വാദഗതികളും എന്നെ സാന്ത്വനപ്പെടുത്തുന്നുണ്ടെങ്കിലും എന്നില്‍ എന്തോ കുറവ് പോലെ... ഇത് ഈ മാസത്തെ അവസാന സ്കാനിംഗ്‌ ആണ്.. എല്ലാ മാസത്തെയും പോലെ ഒരു റിസള്‍ട്ട്‌ ആവരുതേ എന്ന പരസ്പരം പറയാത്ത എങ്കില്‍ പരസ്പരം അറിയുന്ന ആഗ്രഹം. നമ്മള്‍ എപ്പോഴും അങ്ങനെ ആയിരുന്നു...പരസ്പരം പറഞ്ഞിരുന്നില്ല പക്ഷെ അറിഞ്ഞിരുന്നു... നമ്മുടെ പ്രണയം മുതല്‍ ഇ സമയം വരെയും കാത്തു പോന്ന ഒരു അദൃശ്യ ബന്ധം. രണ്ടു മതവിശ്വാസങ്ങളില്‍ ആയിരുന്നിട്ടും ഒരുപാട് കാത്തിരുന്ന് ഒരു ബന്ദനന്ഗലും തകര്‍ക്കാതെ എല്ലാവരുടെയും സമ്മതത്തോടെ നമ്മള്‍ നേടിയെടുത്തത് നമ്മുടെ ഒരുമിച്ചുള്ള വിവാഹ ജീവിതം ആയിരുന്നു. തിരക്കിട്ട ഈ രാജ്യത്തിലേക്ക് ചേക്കേറിയപ്പോഴും നമ്മുടെ സ്വപ്‌നങ്ങള്‍ ചിറകുയര്‍ത്തി പറന്നു കഴിഞ്ഞിരുന്നു. ഇപ്പോഴും അത് ഉയരങ്ങളിലേക്ക് പോകുകയാണല്ലേ...


നീ ഇനിയും എത്തിയിട്ടില്ല എന്നത് എന്നെ വല്ലാതെ അലട്ടുന്നു. ഈ ഹോസ്പിറ്റല്‍ ബേസ്മെന്റില്‍ മൊബൈലിനു റേഞ്ചും ഇല്ല. ഇനിയും കാത്തിരിക്കാന്‍ എനിക്ക് വയ്യ. ഇനി നിന്റെ സാമിപ്യത്തിനു മാത്രമേ എന്റെ മനസിന്റെ നീറ്റലിനെ അടക്കാനാവൂ... ഇന്നലെ ടീവിയില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച വാര്‍ത്ത‍ കണ്ടു നമ്മള്‍ എന്തിനാണ് മുഖത്തോട് മുഖം നോക്കിയത്..? അത്ര മേല്‍ നമ്മള്‍ ആഗ്രഹിക്കുന്നു അല്ലെ നമ്മുക്കിടയിലെക്കുള്ള ആ കുഞ്ഞു മാലാഖയുടെ വരവ്. വിസിറ്റിങ്ങിനു ഈ ഗള്‍ഫ്‌ രാജ്യത്തെത്തിയ സുഹൃത്തിന്റെ ഭാര്യ ഗര്ഭിണിയായതു അറിഞ്ഞു എന്തിനായിരുന്നു നമ്മുടെ കണ്ണില്‍ അസൂയ നിറഞ്ഞത്‌....? അബോര്‍ഷന് മാര്‍ഗം തിരഞ്ഞു അവര്‍ നടന്നപ്പോള്‍ വഴക്ക് പറഞ്ഞതും പിന്നെ റൂമിലെത്തി പൊട്ടിക്കരഞ്ഞതും എന്തിനായിരുന്നു...?


ഇനിയും വയ്യ എനിക്ക് കാത്തിരിക്കാന്‍ ഒരു അമ്മയുടെ...കുഞ്ഞിന്റെ ജനനത്തിനായി.... എന്റെ മുലകള്‍ പാല് ചുരത്താന്‍ വെമ്പുന്നു...ഒരു അമ്മയുടെ സംതൃപ്തിയോടെ കണ്ണടച്ച് എനിക്കും മുലയൂട്ടണം... എന്റെ കണ്ണുകള്‍ക്ക്‌ ഭാരം കൂടുന്നു.....ഞാന്‍ നിന്റെ തോളില്‍ തല ചായ്ച്ചത് എപ്പോഴാണ്...? പേര് വിളിച്ചെന്ന് പറഞ്ഞു എന്നെ തട്ടി വിളിക്കുമ്പോള്‍....നിന്റെ ചുണ്ടിലെ മന്ദഹാസം എന്നെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു ഒന്നും ഒന്നും പറയാത്ത എല്ലാം അറിയുന്ന ബന്ധം ...നീയും എന്റെ കുഞ്ഞു മാലാഖ ആണ്...

6 comments:

ഹരീഷ് തൊടുപുഴ said...

മനസ്സിൽ തട്ടി കെട്ടോ..
കീപ്പ് ഇറ്റ് അപ്പ്..
ആശംസകളോടെ..

ഹരീഷ് തൊടുപുഴ said...

ഈ വേർഡ് വേരി മാറ്റൂ കെട്ടോ..:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നല്ല എഴുത്ത്, ആശംസകള്‍

Anoop said...

ഇത് കഥയാണോ !!!അതോ റിയല്‍ ജീവിതമാണോ ??????
എന്തായിരുന്നാലും ..നിങ്ങള്ക്ക് പെട്ടന്നു അമ്മയാകാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .....

അനില്‍കുമാര്‍. സി.പി. said...

അമ്മിഞ്ഞപ്പാലിന്റെ മധുരം പോലെ ഒരു കൊച്ചു കഥ.
ആശംസകള്‍.

asok kumar said...

മനോഹരമായിരിക്കുന്നു