Thursday 17 June 2010

പൊട്ടന്‍ ബാബു...

പൊട്ടന്‍ ബാബു അങ്ങനെ ആയിരുന്നു അയാള്‍ അറിയപ്പെട്ടിരുന്നത്.പരസ്യമായ രഹസ്യം പോലെ .... എന്നിരുന്നാലും മുതിര്‍ന്നവര്‍ 'ഡാ ബാബു ...' എന്നും കുട്ടികള്‍ 'ബാബുവണ്ണോ...' എന്നും നീട്ടിവിളിച്ചിരുന്നു. ഇപ്പോഴും അത് തന്നെ വിളിക്കുന്നു. ഇതിപ്പോള്‍ പറഞ്ഞു വരുന്നത് ആരുടെ കാര്യമാണന്നല്ലേ...എന്റെ വീടിനടുത്തുള്ള ബാബു അണ്ണനെ പറ്റിയാണ്...


വീട്ടില്‍ നിന്ന് നോക്കിയാല്‍ ബാബുവണ്ണന്റെ വീട് കാണാമായിരുന്നു രണ്ടു വീട് തൊട്ടു താഴെ... ആ വീടിന്റെ ഒരു പ്രത്യേകത മുറ്റത്തു നില്‍ക്കുന്ന മുല്ല ചെടി ആയിരുന്നു. കാടു പിടിച്ചു കിടക്കുകയല്ല...വെട്ടി ഒതുക്കി നിര്‍ത്തിയതായിരുന്നു അത്. മുല്ലപ്പൂവിന്റെ സീസണ്‍ ആകുമ്പോഴേക്കും എന്റമ്മോ.. അത്രക്ക്‌ മുല്ലപ്പൂക്കള്‍ കാണുമായിരുന്നു അതില്‍... പെണ്‍കുട്ടികള്‍ ഇല്ലാത്ത വീടായത്‌ കൊണ്ട് ബാബുവണ്ണന്റെ അമ്മ പൂവെല്ലാം പെറുക്കി വെച്ച് ഞങ്ങള്‍ക്ക് തരുമായിരുന്നു. അമ്പനാട്ട് അമ്മൂമ്മ എന്നായിരുന്നു ഞങ്ങള്‍ വിളിച്ചിരുന്നത്‌. അമ്മൂമ്മമാര്‍ ഒരുപാടു ആയതുകൊണ്ട് വീട്ടുപേര് ചേര്‍ത്ത് വിളിക്കുന്ന ഒരു രീതി. ഇത് ഇടയ്ക്കു ഇരട്ടപ്പേരും ആകാം. രാവിലെ തന്നെ പൂവ് വാങ്ങിക്കാന്‍ ഞങ്ങള്‍ വാതുക്കല്‍ ഹാജരുണ്ടാകും. അതിന്റെ റിസള്‍ട്ട്‌ അന്ന് വൈകുന്നേരം ഞങ്ങള്‍ക്ക് കിട്ടും... "നിന്നെയൊക്കെ കണി കണ്ടു.... ഇന്നത്തെ ദിവസം പറയാതിരിക്കുകയാ ഭേദം...." ഇങ്ങനെ പോകും. അത് കേള്‍ക്കാതിരിക്കാന്‍ പരിസരത്തെങ്ങും കാണാതിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ പരിപാടി. മുല്ലചെടിയില്‍ തൊടാന്‍ കൂടി സമ്മതിക്കില്ല...വേറൊന്നും കൊണ്ടല്ല... പിന്നെ അതെവിടെ കാണുമോ എന്നാ സംശയം ആയിരിക്കാം....


മഴ നനഞ്ഞ പിടക്കോഴിയുടെ പൂട പോലുള്ള എന്റെ മുടിയില്‍ പൂവ് വെയ്ക്കാനുള്ള ആഗ്രഹം അതെങ്ങനെ അടക്കി വെയ്ക്കും... മുല്ലപ്പൂവു കൊണ്ട് തിരിച്ചു കേറി വരുമ്പോള്‍ അമ്മയുടെ പതിവ് പല്ലവി പിറകില്‍ കേള്‍ക്കാം. "അതിനകത്ത് ഇനി പേനിനു സ്ഥലം വല്ലതും ഉണ്ടോടീ....". എന്നിട്ടും പൂവിനു പിറകെയുള്ള ഓട്ടം നിര്‍ത്തിയിട്ടില്ല. അപ്പോള്‍ നമ്മുടെ വിഷയത്തിലേക്ക് വരാം ബാബുവണ്ണന്‍.


സഹോദരിയുടെ കുടുംബത്തോടൊപ്പം അമ്മയുടെ കൂടെ ആണ്
ബാബുവണ്ണന്‍ താമസിക്കുന്നത്. ജന്മനാ തന്നെ ബുദ്ധിക്കു വളര്‍ച്ചയില്ലായിരുന്നു. പൊട്ടന്‍ബാബു എന്ന് അറിയപ്പെടാനുള്ള കാരണവും ഇത് തന്നെ. ഞാന്‍ കാണുമ്പോള്‍ ബാബുവണ്ണനു മുപ്പതു വയസില്‍ കൂടുതല്‍ ആയിരുന്നു. കൊല്ലം ജില്ലയില്‍ ചാത്തന്നൂരില്‍ മംബള്ളിക്കുന്നം എന്ന ഏരിയായില് റേഡിയോയുടെ ആവശ്യം ഉണ്ടായിരുന്നില്ല വാര്‍ത്ത‍ കേള്‍ക്കാന്‍ ഒഴിച്ച്. ബാബുവണ്ണന്‍ രാവിലെ എഴുന്നേറ്റു കുട്ടപ്പനായി ആരുടെയെങ്കിലും വീടിന്റെ മതിലില്‍ ചാരി നിന്ന് പാട്ട് തുടങ്ങുമായിരുന്നു. ഈ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതാരും കേട്ട് കാണാന്‍ വഴിയില്ലാത്ത പാട്ടുകള്‍ മാത്രം ആയിരുന്നു. വരികളില്‍ പെണ്‍കുട്ടികളുടെ പേരുകള്‍ മാത്രം. കേട്ട് പരിചയം ഉള്ള ഒരു പാട്ട് " ഉണ്ണീ വാവാവോ...പൊന്നുണ്ണി വാവാവോ..." എന്നത് മാത്രം ആയിരുന്നു. ബാക്കി പാട്ടെല്ലാം " പ്രിയേ...ശാരി...വാ കല്യാണം കഴിക്കാന്‍ വാ..." എന്നിങ്ങനെ ഒക്കെ ഉള്ള പാട്ടുകള്‍ ആയിരുന്നു.


പാര്‍ട്ടിക്ക് കല്യാണം കഴിക്കാന്‍ നല്ല ആഗ്രഹം ആയിരുന്നു. എപ്പൊഴും അത് മാത്രമായിരുന്നു ചിന്ത. അന്നൊക്കെ ഞങ്ങള്‍ ബാബുവണ്ണനെ വിളിച്ചു നിര്‍ത്തി കല്യാണത്തെ പറ്റി ചോദിക്കുമായിരുന്നു. പറഞ്ഞു പറഞ്ഞു അത് ബാബുവണ്ണന്റെ കുഞ്ഞിന്റെ കല്യാണം വരെ എത്തുമായിരുന്നു. മുതിര്‍ന്നവരും മോശം ആയിരുന്നില്ല ബാബുവണ്ണനെ ഇങ്ങനെ ഉപദ്രവിച്ചിരുന്നതില്‍ . എല്ലാവരും അതില്‍ ഒരു രസം കണ്ടിരുന്നു. ആരുടെ വീട്ടിലും എപ്പോഴും കേറി ചെല്ലാന്‍ പറ്റുന്ന ഒരാള്‍ ആയിരുന്നു ബാബുവണ്ണന്‍. ബാബുവണ്ണന്‍ പ്രത്യേകം എഴുതി തയാറാക്കിയ പ്രേമലേഖനം വായിച്ചു കേള്‍ക്കുക എന്നതായിരുന്നു എല്ലാവരുടെയും വേറൊരു രസം.


എന്നും ഇങ്ങനെ പ്രേമലേഖനം എഴുതാന്‍ എന്റെ നോട്ടുബുക്കില്‍ നിന്നും ചില്ലറ പേപ്പര്‍ അല്ല പോയിട്ടുള്ളത്. പേപ്പറിന് വേണ്ടി സ്കൂള്‍ കഴിഞ്ഞു വരുന്ന ഞങ്ങളെയും കാത്തു മതിലും ചാരി നില്‍പ്പായിരിക്കും ബാബുവണ്ണന്‍. പേപ്പര്‍ മാത്രമല്ല പെന്‍സില്‍ കൂടി ഞാന്‍ കടം കൊടുക്കണമായിരുന്നു. അതിനു പകരമായി എഴുതി കഴിഞ്ഞ പ്രേമലേഖനം വായിച്ചു കേല്‍പ്പിക്കുകയായിരുന്നു അണ്ണന്‍ ചെയ്തിരുന്നത്. പേപ്പറിന്റെ മുകളിലെ മൂലയില്‍ നിന്ന് തുടങ്ങി താഴത്തെ മൂല വരെ കുനുകുനാ എഴുതി വെയ്ക്കുന്ന പൂജ്യങ്ങള്‍ ആയിരുന്നു ബാബുവണ്ണന്റെ പ്രേമലേഖനം. പക്ഷെ അത് വായിച്ചു കേള്‍ക്കുമ്പോള്‍ ഇതാണ് അതിനുള്ളില്‍ ഉള്ളതെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടേയില്ല.


നന്നായി ബീഡി വലിക്കുന്ന പ്രകൃതമായിരുന്നു ബാബുവണ്ണന്‍. ബീഡി വാങ്ങിക്കാന്‍ എല്ലാവരോടും കാശു ചോദിക്കുന്നതാണ് അണ്ണനെ കൊണ്ടുള്ള ഒരേ ഒരു ഉപദ്രവം. ഇല്ലെങ്കില്‍ ഒരു ബീടിയെങ്കിലും താ എന്നതായിരുന്നു അണ്ണന്റെ നിലപാട്. ഇപ്പോഴും അതെ വീട്ടില്‍ അണ്ണന്‍ ഉണ്ട്...അസുഖമായി കിടപ്പിലാണ്. വയസായ അമ്മയും കൂട്ടിനുണ്ട്. വല്ലപ്പോഴും കൂടി മാത്രം വീടിനു പുറത്തിറങ്ങുന്ന ബാബുവണ്ണന്റെ പാട്ടുകള്‍ ഒക്കെ ഇപ്പോള്‍ നിലച്ചിരിക്കുന്നു. എന്നാലും ആരുടെയെങ്കിലും കല്യാണം ആണെന്ന് കേട്ടാല്‍ ബാബുവണ്ണന്‍ പറയും "നാളെ എന്റെ കല്യാണമാണ്...പെണ്ണിന്റെ പേര് സുനിത......".


1 comment:

അന്ന്യൻ said...

ബാബുവണ്ണന്റെ സങ്കടം ആരു കാണുന്നു അല്ലെ?