Tuesday, 29 June 2010

മാലാഖ....

അടഞ്ഞു കിടക്കുന്ന ഈ സ്കാനിംഗ്‌ റൂമിന് മുന്നില്‍ നിന്നെയും കാത്തിരിക്കുമ്പോള്‍ എന്റെ ചിന്തകള്‍ക്ക് കനം വെച്ച് തുടങ്ങുന്നു. ഇനിയും ഒരു മണിക്കൂര്‍ ഉണ്ട് സ്കാനിംഗ്‌ തുടങ്ങാന്‍. ആദ്യ നമ്പര്‍ കൈക്കലാക്കി ഞാന്‍ കാത്തിരിക്കുകയാണ്‌ നിനക്കായും പിന്നെ എന്റെ പേര് വിളിക്കുന്നത്‌ കേള്‍ക്കാനായും. നീ എന്താണ് ഇനിയും വൈകുന്നത്....? കഴിഞ്ഞ തവണ താമസിച്ചു വന്നതിന്റെ പരിഹാരമെന്നോണം ഇത്തവണ ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങിയിട്ടും...? പഴി മുഴുവനും ഈ തിരക്ക് പിടിച്ച നഗരത്തിന്റെ ട്രാഫിക്കിനു ആയിരിക്കാം അല്ലെ....

മനസ് വല്ലാതെ ചന്ച്ചലപ്പെടുന്നു.... നിന്റെ ആശ്വാസവാക്കുകളും വാദഗതികളും എന്നെ സാന്ത്വനപ്പെടുത്തുന്നുണ്ടെങ്കിലും എന്നില്‍ എന്തോ കുറവ് പോലെ... ഇത് ഈ മാസത്തെ അവസാന സ്കാനിംഗ്‌ ആണ്.. എല്ലാ മാസത്തെയും പോലെ ഒരു റിസള്‍ട്ട്‌ ആവരുതേ എന്ന പരസ്പരം പറയാത്ത എങ്കില്‍ പരസ്പരം അറിയുന്ന ആഗ്രഹം. നമ്മള്‍ എപ്പോഴും അങ്ങനെ ആയിരുന്നു...പരസ്പരം പറഞ്ഞിരുന്നില്ല പക്ഷെ അറിഞ്ഞിരുന്നു... നമ്മുടെ പ്രണയം മുതല്‍ ഇ സമയം വരെയും കാത്തു പോന്ന ഒരു അദൃശ്യ ബന്ധം. രണ്ടു മതവിശ്വാസങ്ങളില്‍ ആയിരുന്നിട്ടും ഒരുപാട് കാത്തിരുന്ന് ഒരു ബന്ദനന്ഗലും തകര്‍ക്കാതെ എല്ലാവരുടെയും സമ്മതത്തോടെ നമ്മള്‍ നേടിയെടുത്തത് നമ്മുടെ ഒരുമിച്ചുള്ള വിവാഹ ജീവിതം ആയിരുന്നു. തിരക്കിട്ട ഈ രാജ്യത്തിലേക്ക് ചേക്കേറിയപ്പോഴും നമ്മുടെ സ്വപ്‌നങ്ങള്‍ ചിറകുയര്‍ത്തി പറന്നു കഴിഞ്ഞിരുന്നു. ഇപ്പോഴും അത് ഉയരങ്ങളിലേക്ക് പോകുകയാണല്ലേ...


നീ ഇനിയും എത്തിയിട്ടില്ല എന്നത് എന്നെ വല്ലാതെ അലട്ടുന്നു. ഈ ഹോസ്പിറ്റല്‍ ബേസ്മെന്റില്‍ മൊബൈലിനു റേഞ്ചും ഇല്ല. ഇനിയും കാത്തിരിക്കാന്‍ എനിക്ക് വയ്യ. ഇനി നിന്റെ സാമിപ്യത്തിനു മാത്രമേ എന്റെ മനസിന്റെ നീറ്റലിനെ അടക്കാനാവൂ... ഇന്നലെ ടീവിയില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച വാര്‍ത്ത‍ കണ്ടു നമ്മള്‍ എന്തിനാണ് മുഖത്തോട് മുഖം നോക്കിയത്..? അത്ര മേല്‍ നമ്മള്‍ ആഗ്രഹിക്കുന്നു അല്ലെ നമ്മുക്കിടയിലെക്കുള്ള ആ കുഞ്ഞു മാലാഖയുടെ വരവ്. വിസിറ്റിങ്ങിനു ഈ ഗള്‍ഫ്‌ രാജ്യത്തെത്തിയ സുഹൃത്തിന്റെ ഭാര്യ ഗര്ഭിണിയായതു അറിഞ്ഞു എന്തിനായിരുന്നു നമ്മുടെ കണ്ണില്‍ അസൂയ നിറഞ്ഞത്‌....? അബോര്‍ഷന് മാര്‍ഗം തിരഞ്ഞു അവര്‍ നടന്നപ്പോള്‍ വഴക്ക് പറഞ്ഞതും പിന്നെ റൂമിലെത്തി പൊട്ടിക്കരഞ്ഞതും എന്തിനായിരുന്നു...?


ഇനിയും വയ്യ എനിക്ക് കാത്തിരിക്കാന്‍ ഒരു അമ്മയുടെ...കുഞ്ഞിന്റെ ജനനത്തിനായി.... എന്റെ മുലകള്‍ പാല് ചുരത്താന്‍ വെമ്പുന്നു...ഒരു അമ്മയുടെ സംതൃപ്തിയോടെ കണ്ണടച്ച് എനിക്കും മുലയൂട്ടണം... എന്റെ കണ്ണുകള്‍ക്ക്‌ ഭാരം കൂടുന്നു.....ഞാന്‍ നിന്റെ തോളില്‍ തല ചായ്ച്ചത് എപ്പോഴാണ്...? പേര് വിളിച്ചെന്ന് പറഞ്ഞു എന്നെ തട്ടി വിളിക്കുമ്പോള്‍....നിന്റെ ചുണ്ടിലെ മന്ദഹാസം എന്നെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു ഒന്നും ഒന്നും പറയാത്ത എല്ലാം അറിയുന്ന ബന്ധം ...നീയും എന്റെ കുഞ്ഞു മാലാഖ ആണ്...

Monday, 21 June 2010

ഒരു കുഞ്ഞു മയില്‍‌പ്പീലി....

മനസിന്റെ പുസ്തക താളുകളിലെവിടെയോ...
ഒരു കുഞ്ഞു മയില്‍‌പ്പീലി ഞാന്‍ മറച്ചു വെച്ചു.


അഴകുള്ള നിറമുള്ള മയില്‍‌പ്പീലി...
അത് ഞാന്‍ മറച്ചു വെച്ചു.

ഒരു കുഞ്ഞു നോവിന്റെ സുഖമുള്ള മയില്‍‌പ്പീലി..
ഒരു ദുഃഖ സാഗരം ഒതുക്കിയതെവിടെയോ...
മറഞ്ഞിരിക്കുന്നു.....
മനസിലെവിടെയോ ഞാനതു
മറച്ചു വെച്ചിരിക്കുന്നു....

മയില്‍‌പ്പീലി അത് പെറ്റു പെരുകുമെന്നോര്‍ത്തു ഞാന്‍
ആകാശത്തെയും മറച്ചു വെച്ചു....
നിന്റെ അഴകുള്ള ചിറകിനെ തലോടി ഞാന്‍

അറിയാതെ ഇടയ്ക്കിടെ ഒളിഞ്ഞു നോക്കി....

എന്നിട്ടും എന്തേ നീ നിന്‍ കൊച്ചു മക്കളെ
എനിക്കായി തരാഞ്ഞത്‌.... ?

എന്തേ നീ എനിക്കായി പെറ്റു പെരുകാഞ്ഞത്...?
നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ എന്നുമൊരു

ഇര തേടുന്ന ചിലന്തിയായോ....?

ഇല്ല നിനക്കിനി സ്വാതന്ത്ര്യമില്ല...
എന്റെ മനസിന്റെ പുസ്തകതാളില്‍
നിനക്കായി ഒരു കൂട് തീര്‍ത്തു...
നിന്നെ ഞാന്‍ തടവിലാക്കി...
നിന്നെ ഞാന്‍ മറച്ചിരിക്കുന്നു...
എന്നെന്നേക്കുമായി .....
നിന്നെ ഞാന്‍ മറച്ചിരിക്കുന്നു...

Thursday, 17 June 2010

പൊട്ടന്‍ ബാബു...

പൊട്ടന്‍ ബാബു അങ്ങനെ ആയിരുന്നു അയാള്‍ അറിയപ്പെട്ടിരുന്നത്.പരസ്യമായ രഹസ്യം പോലെ .... എന്നിരുന്നാലും മുതിര്‍ന്നവര്‍ 'ഡാ ബാബു ...' എന്നും കുട്ടികള്‍ 'ബാബുവണ്ണോ...' എന്നും നീട്ടിവിളിച്ചിരുന്നു. ഇപ്പോഴും അത് തന്നെ വിളിക്കുന്നു. ഇതിപ്പോള്‍ പറഞ്ഞു വരുന്നത് ആരുടെ കാര്യമാണന്നല്ലേ...എന്റെ വീടിനടുത്തുള്ള ബാബു അണ്ണനെ പറ്റിയാണ്...


വീട്ടില്‍ നിന്ന് നോക്കിയാല്‍ ബാബുവണ്ണന്റെ വീട് കാണാമായിരുന്നു രണ്ടു വീട് തൊട്ടു താഴെ... ആ വീടിന്റെ ഒരു പ്രത്യേകത മുറ്റത്തു നില്‍ക്കുന്ന മുല്ല ചെടി ആയിരുന്നു. കാടു പിടിച്ചു കിടക്കുകയല്ല...വെട്ടി ഒതുക്കി നിര്‍ത്തിയതായിരുന്നു അത്. മുല്ലപ്പൂവിന്റെ സീസണ്‍ ആകുമ്പോഴേക്കും എന്റമ്മോ.. അത്രക്ക്‌ മുല്ലപ്പൂക്കള്‍ കാണുമായിരുന്നു അതില്‍... പെണ്‍കുട്ടികള്‍ ഇല്ലാത്ത വീടായത്‌ കൊണ്ട് ബാബുവണ്ണന്റെ അമ്മ പൂവെല്ലാം പെറുക്കി വെച്ച് ഞങ്ങള്‍ക്ക് തരുമായിരുന്നു. അമ്പനാട്ട് അമ്മൂമ്മ എന്നായിരുന്നു ഞങ്ങള്‍ വിളിച്ചിരുന്നത്‌. അമ്മൂമ്മമാര്‍ ഒരുപാടു ആയതുകൊണ്ട് വീട്ടുപേര് ചേര്‍ത്ത് വിളിക്കുന്ന ഒരു രീതി. ഇത് ഇടയ്ക്കു ഇരട്ടപ്പേരും ആകാം. രാവിലെ തന്നെ പൂവ് വാങ്ങിക്കാന്‍ ഞങ്ങള്‍ വാതുക്കല്‍ ഹാജരുണ്ടാകും. അതിന്റെ റിസള്‍ട്ട്‌ അന്ന് വൈകുന്നേരം ഞങ്ങള്‍ക്ക് കിട്ടും... "നിന്നെയൊക്കെ കണി കണ്ടു.... ഇന്നത്തെ ദിവസം പറയാതിരിക്കുകയാ ഭേദം...." ഇങ്ങനെ പോകും. അത് കേള്‍ക്കാതിരിക്കാന്‍ പരിസരത്തെങ്ങും കാണാതിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ പരിപാടി. മുല്ലചെടിയില്‍ തൊടാന്‍ കൂടി സമ്മതിക്കില്ല...വേറൊന്നും കൊണ്ടല്ല... പിന്നെ അതെവിടെ കാണുമോ എന്നാ സംശയം ആയിരിക്കാം....


മഴ നനഞ്ഞ പിടക്കോഴിയുടെ പൂട പോലുള്ള എന്റെ മുടിയില്‍ പൂവ് വെയ്ക്കാനുള്ള ആഗ്രഹം അതെങ്ങനെ അടക്കി വെയ്ക്കും... മുല്ലപ്പൂവു കൊണ്ട് തിരിച്ചു കേറി വരുമ്പോള്‍ അമ്മയുടെ പതിവ് പല്ലവി പിറകില്‍ കേള്‍ക്കാം. "അതിനകത്ത് ഇനി പേനിനു സ്ഥലം വല്ലതും ഉണ്ടോടീ....". എന്നിട്ടും പൂവിനു പിറകെയുള്ള ഓട്ടം നിര്‍ത്തിയിട്ടില്ല. അപ്പോള്‍ നമ്മുടെ വിഷയത്തിലേക്ക് വരാം ബാബുവണ്ണന്‍.


സഹോദരിയുടെ കുടുംബത്തോടൊപ്പം അമ്മയുടെ കൂടെ ആണ്
ബാബുവണ്ണന്‍ താമസിക്കുന്നത്. ജന്മനാ തന്നെ ബുദ്ധിക്കു വളര്‍ച്ചയില്ലായിരുന്നു. പൊട്ടന്‍ബാബു എന്ന് അറിയപ്പെടാനുള്ള കാരണവും ഇത് തന്നെ. ഞാന്‍ കാണുമ്പോള്‍ ബാബുവണ്ണനു മുപ്പതു വയസില്‍ കൂടുതല്‍ ആയിരുന്നു. കൊല്ലം ജില്ലയില്‍ ചാത്തന്നൂരില്‍ മംബള്ളിക്കുന്നം എന്ന ഏരിയായില് റേഡിയോയുടെ ആവശ്യം ഉണ്ടായിരുന്നില്ല വാര്‍ത്ത‍ കേള്‍ക്കാന്‍ ഒഴിച്ച്. ബാബുവണ്ണന്‍ രാവിലെ എഴുന്നേറ്റു കുട്ടപ്പനായി ആരുടെയെങ്കിലും വീടിന്റെ മതിലില്‍ ചാരി നിന്ന് പാട്ട് തുടങ്ങുമായിരുന്നു. ഈ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതാരും കേട്ട് കാണാന്‍ വഴിയില്ലാത്ത പാട്ടുകള്‍ മാത്രം ആയിരുന്നു. വരികളില്‍ പെണ്‍കുട്ടികളുടെ പേരുകള്‍ മാത്രം. കേട്ട് പരിചയം ഉള്ള ഒരു പാട്ട് " ഉണ്ണീ വാവാവോ...പൊന്നുണ്ണി വാവാവോ..." എന്നത് മാത്രം ആയിരുന്നു. ബാക്കി പാട്ടെല്ലാം " പ്രിയേ...ശാരി...വാ കല്യാണം കഴിക്കാന്‍ വാ..." എന്നിങ്ങനെ ഒക്കെ ഉള്ള പാട്ടുകള്‍ ആയിരുന്നു.


പാര്‍ട്ടിക്ക് കല്യാണം കഴിക്കാന്‍ നല്ല ആഗ്രഹം ആയിരുന്നു. എപ്പൊഴും അത് മാത്രമായിരുന്നു ചിന്ത. അന്നൊക്കെ ഞങ്ങള്‍ ബാബുവണ്ണനെ വിളിച്ചു നിര്‍ത്തി കല്യാണത്തെ പറ്റി ചോദിക്കുമായിരുന്നു. പറഞ്ഞു പറഞ്ഞു അത് ബാബുവണ്ണന്റെ കുഞ്ഞിന്റെ കല്യാണം വരെ എത്തുമായിരുന്നു. മുതിര്‍ന്നവരും മോശം ആയിരുന്നില്ല ബാബുവണ്ണനെ ഇങ്ങനെ ഉപദ്രവിച്ചിരുന്നതില്‍ . എല്ലാവരും അതില്‍ ഒരു രസം കണ്ടിരുന്നു. ആരുടെ വീട്ടിലും എപ്പോഴും കേറി ചെല്ലാന്‍ പറ്റുന്ന ഒരാള്‍ ആയിരുന്നു ബാബുവണ്ണന്‍. ബാബുവണ്ണന്‍ പ്രത്യേകം എഴുതി തയാറാക്കിയ പ്രേമലേഖനം വായിച്ചു കേള്‍ക്കുക എന്നതായിരുന്നു എല്ലാവരുടെയും വേറൊരു രസം.


എന്നും ഇങ്ങനെ പ്രേമലേഖനം എഴുതാന്‍ എന്റെ നോട്ടുബുക്കില്‍ നിന്നും ചില്ലറ പേപ്പര്‍ അല്ല പോയിട്ടുള്ളത്. പേപ്പറിന് വേണ്ടി സ്കൂള്‍ കഴിഞ്ഞു വരുന്ന ഞങ്ങളെയും കാത്തു മതിലും ചാരി നില്‍പ്പായിരിക്കും ബാബുവണ്ണന്‍. പേപ്പര്‍ മാത്രമല്ല പെന്‍സില്‍ കൂടി ഞാന്‍ കടം കൊടുക്കണമായിരുന്നു. അതിനു പകരമായി എഴുതി കഴിഞ്ഞ പ്രേമലേഖനം വായിച്ചു കേല്‍പ്പിക്കുകയായിരുന്നു അണ്ണന്‍ ചെയ്തിരുന്നത്. പേപ്പറിന്റെ മുകളിലെ മൂലയില്‍ നിന്ന് തുടങ്ങി താഴത്തെ മൂല വരെ കുനുകുനാ എഴുതി വെയ്ക്കുന്ന പൂജ്യങ്ങള്‍ ആയിരുന്നു ബാബുവണ്ണന്റെ പ്രേമലേഖനം. പക്ഷെ അത് വായിച്ചു കേള്‍ക്കുമ്പോള്‍ ഇതാണ് അതിനുള്ളില്‍ ഉള്ളതെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടേയില്ല.


നന്നായി ബീഡി വലിക്കുന്ന പ്രകൃതമായിരുന്നു ബാബുവണ്ണന്‍. ബീഡി വാങ്ങിക്കാന്‍ എല്ലാവരോടും കാശു ചോദിക്കുന്നതാണ് അണ്ണനെ കൊണ്ടുള്ള ഒരേ ഒരു ഉപദ്രവം. ഇല്ലെങ്കില്‍ ഒരു ബീടിയെങ്കിലും താ എന്നതായിരുന്നു അണ്ണന്റെ നിലപാട്. ഇപ്പോഴും അതെ വീട്ടില്‍ അണ്ണന്‍ ഉണ്ട്...അസുഖമായി കിടപ്പിലാണ്. വയസായ അമ്മയും കൂട്ടിനുണ്ട്. വല്ലപ്പോഴും കൂടി മാത്രം വീടിനു പുറത്തിറങ്ങുന്ന ബാബുവണ്ണന്റെ പാട്ടുകള്‍ ഒക്കെ ഇപ്പോള്‍ നിലച്ചിരിക്കുന്നു. എന്നാലും ആരുടെയെങ്കിലും കല്യാണം ആണെന്ന് കേട്ടാല്‍ ബാബുവണ്ണന്‍ പറയും "നാളെ എന്റെ കല്യാണമാണ്...പെണ്ണിന്റെ പേര് സുനിത......".


Tuesday, 15 June 2010

ആശാനും വള്ളിച്ചെരുപ്പും

( ഇപ്പോഴത്തെ കുടുംബ വീട് - ഇത് മാത്രം ബാക്കി )

ഇതൊരു ഇരുപത്തഞ്ചു വര്ഷം മുന്നുള്ള കാര്യമാണ്. കളിച്ചു നടക്കുന്ന പ്രായം. ഞാന്‍ താമസിച്ചിരുന്നത് അമ്മയുടെ അച്ഛന്റെയും അമ്മയുടെയും കൂടെയായിരുന്നു. ഞാന്‍ അവരെ വിളിച്ചിരുന്നത്‌ അപ്പച്ചനും മറ്റമ്മയും എന്നാണ്. മറ്റമ്മ എന്ന് വിളിച്ചിരുന്നത്‌ എന്തു കൊണ്ട് എന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ്. അമ്മ എന്റെ അനിയത്തിയെ വയറ്റില്‍ ആയിരുന്നപ്പോള്‍ എന്നെ നോക്കാനും വീട്ടിലെ കാര്യങ്ങളും ചെയ്യാന്‍ പറ്റില്ല എന്നത് കൊണ്ട് എനിക്ക് കിട്ടിയ സ്ഥലം മാറ്റം ആയിരുന്നു അമ്മയുടെ കുടുംബവീട്ടിലേക്കുള്ള താമസം. അമ്മായിയമ്മയും നാത്തൂനും പിന്നെ മരുമകളായ എന്റെ അമ്മയും തമ്മിലുള്ള പോരാണ്‌ എന്റെ സ്ഥലമാറ്റത്തിനുള്ള കാരണം എന്ന പിന്നാമ്പുറ വാര്‍ത്ത‍ ഉണ്ട്.
അങ്ങനെ കൊല്ലം ജില്ലയിലെ ആയൂരിനു അടുത്തുള്ള വയയ്ക്കല്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ഞാന്‍ അങ്ങനെ തകര്‍ത്തു കളിച്ചു നടക്കുകയായിരുന്നു. കൂട്ടിനു വേറെയും ഉണ്ട് ആള്‍ക്കാര്‍. കളി മുഴുവനും പള്ളി ശവക്കോട്ടയിലും പിന്നെ തൊട്ടു ചേര്‍ന്നുള്ള കശുമാവിന്‍‍ തോട്ടത്തിലും അതിനു നടുക്കായിട്ടുള്ള ഒരു വലിയ പാറക്കും മുകളില്‍ ആയിരുന്നു. ശവക്കോട്ട ഇപ്പോഴും അവിടെ ഉണ്ട്. പക്ഷെ കശുമാങ്ങ മാറി റബ്ബര്‍ ആയി. പാറയുടെ ശേഷിപ്പുകള്‍ ഇപ്പോഴും ഉണ്ട്. പണ്ടേ അതൊരു കക്കൂസായി കരുതിപ്പോന്നിരുന്നു. ഇപ്പോഴും അതിനു മാറ്റമൊന്നുമില്ല. അങ്ങനെ ഇരിക്കെ അപ്പച്ചനു ഒരു തോന്നല്‍ ഇതിനെയൊക്കെ പിടിച്ചു അക്ഷരം പഠിപ്പിക്കാന്‍ ഇരുത്താം എന്ന്. അങ്ങനെയാണ് ആശാന്‍ ഈ കഥയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്.
ഒരാളു വരുന്നു പഠിപ്പിക്കാന്‍. അത് മാത്രം അറിയാം. ആരാ എന്താ ഹും ഹും അറിയില്ല. ഇനിയുള്ള കാര്യങ്ങള്‍ പറയണമെങ്കില്‍ ഞങ്ങളുടെ കുടുംബ വീടിന്റെ കിടപ്പ് വശം ഒന്ന് പറയണം. ഒരു കുന്നിന്റെ മുകളില്‍ പള്ളി അതിനു ചേര്‍ന്ന് അടുത്ത തട്ടില്‍ ശവക്കോട്ട. അടുത്തത് ഞങ്ങളുടെ വീടാണ്. ഇരുവശങ്ങളിലുമായി കശുമാവിന്‍ തോട്ടങ്ങള്‍ . പിന്നെ താഴോട്ട് റബ്ബര്‍ ആണ്. റബ്ബര്‍ തോട്ടത്തിനു അതിരായി കൈതച്ചക്ക നിരന്നു നില്‍പ്പുണ്ട് . കുനിന്റെ അടിവാരത്തില്‍ നിരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളും ഇരു വശത്തായി കളകളാരവം പൊഴിച്ച് കൊണ്ടുവന്നു ഒന്നിച്ചു ചേരുന്ന കുഞ്ഞു അരുവിയും.ഈ അരുവിയില്‍ നിന്ന് കയറി ചെല്ലുന്നത് ഒരു ക്ഷേത്രത്തിലേക്കും. അതൊരു കുഞ്ഞു കയറ്റമാണ് എപ്പോഴും തെറ്റല്‍ ഉള്ള ഒരു കയറ്റം. ഒരുപാടു പേര്‍ക്ക് മെയിന്‍ റോഡില്‍ നിന്നും വീട്ടിലേക്കു കേറാനുള്ള ഒരു കുറുക്കു വഴിയും ആണത്. ഇതാണ് ഒരു ഏകദേശ രൂപം.


ഇനി വീണ്ടും നമ്മുക്ക് നമ്മുടെ വിഷയത്തിലേക്ക് പോകാം. ആശാന്റെ ആഗമനം പ്രതീക്ഷിച്ചു ഞങ്ങള്‍ ഇരിക്കുകയാണ്. ഒരു ദിവസം രാവിലെ ഞങ്ങളെ നേരത്തെ കുളിപ്പിച്ച് ഒരുക്കി നിര്‍ത്തിയപ്പോള്‍ തന്നെ മനസിലായി ഇന്ന് വരവ് ഉണ്ടാകുമെന്ന്. ഹോഓയ്..... ഒരു വിളി, ക്ഷേത്ര കയറ്റത്തില്‍ നിന്നാണ്. ഉമ്മറത്തിരുന്ന അപ്പച്ചന്‍ തോര്‍ത്തെടുത്ത് തോളത്തിട്ടു ഒരൊറ്റ ഓട്ടം. ഞങ്ങള്‍ വിടുമോ... കൂടെ ഓടി തള്ളക്കൊഴിക്കു പിന്നാലെ കുഞ്ഞുങ്ങള്‍ എന്ന പോലെ. കുന്നിറങ്ങി പാടവരമ്പിലൂടെ കുഞ്ഞരുവിയും ചാടി കയറ്റം എത്തിയപ്പോള്‍ നിന്നു. നമ്മുടെ കുഞ്ഞുണ്ണി മാഷ് വെളുത്ത് വണ്ണം കുറഞ്ഞാല്‍ എങ്ങനെ ഇരിക്കും അതുപോലെ ഒരു അപ്പൂപ്പന്‍ വടിയും കുത്തി നില്‍പ്പാണ് കയറ്റത്തിന്റെ മുകളില്‍. ഇട്ടിരുന്ന ചെരുപ്പ് കൈയില്‍ തൂക്കി പിടിച്ചിട്ടുണ്ട്. പാരഗോന്‍ സ്ലിപ്പരിന്റെ അസ്ഥികൂടം എന്ന് വിളിക്കാം ഇതിനെ. സ്ലിപ്പര്‍ എന്ന വാക്ക് നാക്കിനു വഴങ്ങാത്തത് കൊണ്ടാണോ എന്നറിയില്ല വള്ളി ചെരുപ്പ് എന്ന് വിളിക്കാനായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ട്ടം. അപ്പച്ചന്‍ കയറ്റം കയറി ആശാന്റെ ചെരുപ്പും വാങ്ങിച്ചു പിടിച്ചു ഒരു കൈ കൊണ്ട് താങ്ങി ആ തെന്നുന്ന കയറ്റം ഇറങ്ങി. പിന്നെ ആശാന്‍ വടിയും കുത്തി പയറ് പോലെ നടന്നു തുടങ്ങി.


നിലവിളക്ക് കത്തിച്ചു വെച്ച് വലിയ ഒരു പ്ലേറ്റില്‍ അരി നിരത്തി അതിനു മുന്നില്‍ ആശാനെയും ഇരുത്തി. ഇതൊക്കെ ഞങ്ങള്‍ക്ക് പുതുമയായിരുന്നു. പിന്നെ ഓരോരുത്തരെ മടിയില്‍ ഇരുത്തി ചൂണ്ടുവിരല്‍ പിടിച്ചു അരിയില്‍ എഴുതിപ്പിച്ചു. അങ്ങനെ ഞങ്ങള്‍ ആദ്യാക്ഷരം കുറിച്ചു. നല്ല രസമായിരുന്നു. പിറ്റേന്ന് ഞങ്ങള്‍ ആശാനെയും കാത്തിരിപ്പായി. കയറ്റത്തില്‍ നിന്നുള്ള വിളി കേട്ട് ഞങ്ങള്‍ ഓടി. കൂട്ടത്തില്‍ പെണ്ണ് ഞാന്‍ മാത്രമേ ഉള്ളൂ. അതുകൊണ്ടാണോ അതോ ഭാരിച്ച ജോലി ആണുങ്ങള്‍ക്ക് ഉള്ളത് മാത്രമാണ് എന്ന പുരുഷ വര്‍ഗ്ഗത്തിന്റെ ചിന്തയാണോ എന്നറിയില്ല ചെരുപ്പ് പിടിക്കേണ്ടത്‌ എന്റെ ജോലിയായിരുന്നു. എന്റെ ആങ്ങളയും കൂട്ടുകാരും ചേര്‍ന്നാണ് ആശാനെ കയറ്റം ഇറക്കുന്നത്‌. അതൊരു ഗമയായി അവര്‍ കരുതിയിരുന്നു. പക്ഷെ ഇത്തവണ അരിക്ക് പകരം ഞങ്ങളെ കാത്തിരുന്നത് കഴുകി വൃത്തിയാക്കിയ മണല്‍ ആയിരുന്നു . മണലില്‍ എഴുതുക എന്ന് പറയുന്നത് അയ്യോ ഇപ്പോഴും ചൂണ്ടു വിരലില്‍ ഒരു നീറല്‍. അക്ഷരം നേരെ എഴുതിയില്ലെങ്കില്‍ ചൂണ്ടു വിരല്‍ മണലില്‍ അമര്‍ത്തി ആശാന്റെ ഒരു മാസ്റ്റര്‍ പീസ്‌ എഴുത്തുണ്ട്. കണ്ണില്‍ വെള്ളം വന്നു നിറഞ്ഞു കരഞ്ഞു കൊണ്ട് അങ്ങനെ എഴുതിയ എത്ര എത്ര അക്ഷരങ്ങള്‍, വാക്കുകള്‍. അങ്ങനെ ഉള്ള ദിവസങ്ങളില്‍ ആശാന്‍ പോയി കഴിഞ്ഞു പറഞ്ഞ ചീത്തകള്‍ എണ്ണിയാല്‍ തീരില്ല. പിറ്റേന്ന് ഇങ്ങു വരട്ടെ കയറ്റത്തില്‍ നിന്നു തള്ളിയിടും, ചെരുപ്പിന്റെ വള്ളി മുറിക്കും എന്നിങ്ങനെ ഒക്കെ പറഞ്ഞു കഴിഞ്ഞേ സമാധാനം ഉണ്ടാകുകയുള്ളൂ. ഞങ്ങളുടെ ഈ മണലില്‍ എഴുതലും ചീത്ത വിളിക്കലും രണ്ടു വര്‍ഷത്തേക്ക് നിര്‍ബാധം തുടര്‍ന്നു വന്നിരുന്നു. ഇതിനിടക്ക്‌ ഒരു മഴക്കാലത്ത്‌ ആശാന്‍ ഒന്ന് വീണിരുന്നു. അതായിരുന്നു ഞങ്ങളുടെ അവധിക്കാലം. പിന്നീട് എന്റെ വീട്ടിലേക് സ്കൂളില്‍ ചേര്‍ക്കാന്‍ വേണ്ടിയായിരുന്നു. അതോടു കൂടി ആ നല്ല കുട്ടിക്കാലത്തിനും ചെരുപ്പ് വഹിച്ചു കൊണ്ടുള്ള എന്റെ യാത്രകള്‍ക്കും വിരമാമാകുകയായിരുന്നു.


വര്‍ഷങ്ങള്‍ കഴിഞ്ഞു ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു വിങ്ങല്‍. ആ വള്ളിചെരുപ്പു പിടിച്ചു പാടവരംബതൂടെ ഒന്ന് കൂടി നടക്കാന്‍ ആഗ്രഹം...ആ കുഞ്ഞരുവിയില്‍ ഒന്ന് കൂടി ചെന്ന് വെള്ളം ചവിട്ടി തെറിപ്പിക്കണം. അരികത്തു നില്‍ക്കുന്ന മുള്ളിന്‍ കാ പറിച്ചു കഴിക്കണം. കൈതച്ചക്കയുടെ മുള്ളുള്ള കൂര്‍ത്ത ഇലകളില്‍ കുഞ്ഞു പാവാട ഒന്ന് കൂടി കുരുക്കണം. വളരേണ്ടിയിരുന്നില്ല....................


ആദ്യാക്ഷരം കുറിപ്പിച്ച എന്റെ ആ പാവം ആശാന് ഈ ആദ്യ ബ്ലോഗ്‌ ഒരായിരം അശ്രുപുഷ്പങ്ങലോടെ സമര്‍പ്പിക്കുന്നു.

Sunday, 13 June 2010

ഞാനും ഈ സമൂഹത്തിലെ അംഗമാണ്. എനിക്ക് തോന്നുന്ന എന്റ്റെതായ വിചാരങ്ങള്‍ ഞാന്‍ ഇവിടെ കുറിക്കട്ടെ....