Tuesday 15 June 2010

ആശാനും വള്ളിച്ചെരുപ്പും

( ഇപ്പോഴത്തെ കുടുംബ വീട് - ഇത് മാത്രം ബാക്കി )

ഇതൊരു ഇരുപത്തഞ്ചു വര്ഷം മുന്നുള്ള കാര്യമാണ്. കളിച്ചു നടക്കുന്ന പ്രായം. ഞാന്‍ താമസിച്ചിരുന്നത് അമ്മയുടെ അച്ഛന്റെയും അമ്മയുടെയും കൂടെയായിരുന്നു. ഞാന്‍ അവരെ വിളിച്ചിരുന്നത്‌ അപ്പച്ചനും മറ്റമ്മയും എന്നാണ്. മറ്റമ്മ എന്ന് വിളിച്ചിരുന്നത്‌ എന്തു കൊണ്ട് എന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ്. അമ്മ എന്റെ അനിയത്തിയെ വയറ്റില്‍ ആയിരുന്നപ്പോള്‍ എന്നെ നോക്കാനും വീട്ടിലെ കാര്യങ്ങളും ചെയ്യാന്‍ പറ്റില്ല എന്നത് കൊണ്ട് എനിക്ക് കിട്ടിയ സ്ഥലം മാറ്റം ആയിരുന്നു അമ്മയുടെ കുടുംബവീട്ടിലേക്കുള്ള താമസം. അമ്മായിയമ്മയും നാത്തൂനും പിന്നെ മരുമകളായ എന്റെ അമ്മയും തമ്മിലുള്ള പോരാണ്‌ എന്റെ സ്ഥലമാറ്റത്തിനുള്ള കാരണം എന്ന പിന്നാമ്പുറ വാര്‍ത്ത‍ ഉണ്ട്.




അങ്ങനെ കൊല്ലം ജില്ലയിലെ ആയൂരിനു അടുത്തുള്ള വയയ്ക്കല്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ഞാന്‍ അങ്ങനെ തകര്‍ത്തു കളിച്ചു നടക്കുകയായിരുന്നു. കൂട്ടിനു വേറെയും ഉണ്ട് ആള്‍ക്കാര്‍. കളി മുഴുവനും പള്ളി ശവക്കോട്ടയിലും പിന്നെ തൊട്ടു ചേര്‍ന്നുള്ള കശുമാവിന്‍‍ തോട്ടത്തിലും അതിനു നടുക്കായിട്ടുള്ള ഒരു വലിയ പാറക്കും മുകളില്‍ ആയിരുന്നു. ശവക്കോട്ട ഇപ്പോഴും അവിടെ ഉണ്ട്. പക്ഷെ കശുമാങ്ങ മാറി റബ്ബര്‍ ആയി. പാറയുടെ ശേഷിപ്പുകള്‍ ഇപ്പോഴും ഉണ്ട്. പണ്ടേ അതൊരു കക്കൂസായി കരുതിപ്പോന്നിരുന്നു. ഇപ്പോഴും അതിനു മാറ്റമൊന്നുമില്ല. അങ്ങനെ ഇരിക്കെ അപ്പച്ചനു ഒരു തോന്നല്‍ ഇതിനെയൊക്കെ പിടിച്ചു അക്ഷരം പഠിപ്പിക്കാന്‍ ഇരുത്താം എന്ന്. അങ്ങനെയാണ് ആശാന്‍ ഈ കഥയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്.




ഒരാളു വരുന്നു പഠിപ്പിക്കാന്‍. അത് മാത്രം അറിയാം. ആരാ എന്താ ഹും ഹും അറിയില്ല. ഇനിയുള്ള കാര്യങ്ങള്‍ പറയണമെങ്കില്‍ ഞങ്ങളുടെ കുടുംബ വീടിന്റെ കിടപ്പ് വശം ഒന്ന് പറയണം. ഒരു കുന്നിന്റെ മുകളില്‍ പള്ളി അതിനു ചേര്‍ന്ന് അടുത്ത തട്ടില്‍ ശവക്കോട്ട. അടുത്തത് ഞങ്ങളുടെ വീടാണ്. ഇരുവശങ്ങളിലുമായി കശുമാവിന്‍ തോട്ടങ്ങള്‍ . പിന്നെ താഴോട്ട് റബ്ബര്‍ ആണ്. റബ്ബര്‍ തോട്ടത്തിനു അതിരായി കൈതച്ചക്ക നിരന്നു നില്‍പ്പുണ്ട് . കുനിന്റെ അടിവാരത്തില്‍ നിരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളും ഇരു വശത്തായി കളകളാരവം പൊഴിച്ച് കൊണ്ടുവന്നു ഒന്നിച്ചു ചേരുന്ന കുഞ്ഞു അരുവിയും.ഈ അരുവിയില്‍ നിന്ന് കയറി ചെല്ലുന്നത് ഒരു ക്ഷേത്രത്തിലേക്കും. അതൊരു കുഞ്ഞു കയറ്റമാണ് എപ്പോഴും തെറ്റല്‍ ഉള്ള ഒരു കയറ്റം. ഒരുപാടു പേര്‍ക്ക് മെയിന്‍ റോഡില്‍ നിന്നും വീട്ടിലേക്കു കേറാനുള്ള ഒരു കുറുക്കു വഴിയും ആണത്. ഇതാണ് ഒരു ഏകദേശ രൂപം.


ഇനി വീണ്ടും നമ്മുക്ക് നമ്മുടെ വിഷയത്തിലേക്ക് പോകാം. ആശാന്റെ ആഗമനം പ്രതീക്ഷിച്ചു ഞങ്ങള്‍ ഇരിക്കുകയാണ്. ഒരു ദിവസം രാവിലെ ഞങ്ങളെ നേരത്തെ കുളിപ്പിച്ച് ഒരുക്കി നിര്‍ത്തിയപ്പോള്‍ തന്നെ മനസിലായി ഇന്ന് വരവ് ഉണ്ടാകുമെന്ന്. ഹോഓയ്..... ഒരു വിളി, ക്ഷേത്ര കയറ്റത്തില്‍ നിന്നാണ്. ഉമ്മറത്തിരുന്ന അപ്പച്ചന്‍ തോര്‍ത്തെടുത്ത് തോളത്തിട്ടു ഒരൊറ്റ ഓട്ടം. ഞങ്ങള്‍ വിടുമോ... കൂടെ ഓടി തള്ളക്കൊഴിക്കു പിന്നാലെ കുഞ്ഞുങ്ങള്‍ എന്ന പോലെ. കുന്നിറങ്ങി പാടവരമ്പിലൂടെ കുഞ്ഞരുവിയും ചാടി കയറ്റം എത്തിയപ്പോള്‍ നിന്നു. നമ്മുടെ കുഞ്ഞുണ്ണി മാഷ് വെളുത്ത് വണ്ണം കുറഞ്ഞാല്‍ എങ്ങനെ ഇരിക്കും അതുപോലെ ഒരു അപ്പൂപ്പന്‍ വടിയും കുത്തി നില്‍പ്പാണ് കയറ്റത്തിന്റെ മുകളില്‍. ഇട്ടിരുന്ന ചെരുപ്പ് കൈയില്‍ തൂക്കി പിടിച്ചിട്ടുണ്ട്. പാരഗോന്‍ സ്ലിപ്പരിന്റെ അസ്ഥികൂടം എന്ന് വിളിക്കാം ഇതിനെ. സ്ലിപ്പര്‍ എന്ന വാക്ക് നാക്കിനു വഴങ്ങാത്തത് കൊണ്ടാണോ എന്നറിയില്ല വള്ളി ചെരുപ്പ് എന്ന് വിളിക്കാനായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ട്ടം. അപ്പച്ചന്‍ കയറ്റം കയറി ആശാന്റെ ചെരുപ്പും വാങ്ങിച്ചു പിടിച്ചു ഒരു കൈ കൊണ്ട് താങ്ങി ആ തെന്നുന്ന കയറ്റം ഇറങ്ങി. പിന്നെ ആശാന്‍ വടിയും കുത്തി പയറ് പോലെ നടന്നു തുടങ്ങി.


നിലവിളക്ക് കത്തിച്ചു വെച്ച് വലിയ ഒരു പ്ലേറ്റില്‍ അരി നിരത്തി അതിനു മുന്നില്‍ ആശാനെയും ഇരുത്തി. ഇതൊക്കെ ഞങ്ങള്‍ക്ക് പുതുമയായിരുന്നു. പിന്നെ ഓരോരുത്തരെ മടിയില്‍ ഇരുത്തി ചൂണ്ടുവിരല്‍ പിടിച്ചു അരിയില്‍ എഴുതിപ്പിച്ചു. അങ്ങനെ ഞങ്ങള്‍ ആദ്യാക്ഷരം കുറിച്ചു. നല്ല രസമായിരുന്നു. പിറ്റേന്ന് ഞങ്ങള്‍ ആശാനെയും കാത്തിരിപ്പായി. കയറ്റത്തില്‍ നിന്നുള്ള വിളി കേട്ട് ഞങ്ങള്‍ ഓടി. കൂട്ടത്തില്‍ പെണ്ണ് ഞാന്‍ മാത്രമേ ഉള്ളൂ. അതുകൊണ്ടാണോ അതോ ഭാരിച്ച ജോലി ആണുങ്ങള്‍ക്ക് ഉള്ളത് മാത്രമാണ് എന്ന പുരുഷ വര്‍ഗ്ഗത്തിന്റെ ചിന്തയാണോ എന്നറിയില്ല ചെരുപ്പ് പിടിക്കേണ്ടത്‌ എന്റെ ജോലിയായിരുന്നു. എന്റെ ആങ്ങളയും കൂട്ടുകാരും ചേര്‍ന്നാണ് ആശാനെ കയറ്റം ഇറക്കുന്നത്‌. അതൊരു ഗമയായി അവര്‍ കരുതിയിരുന്നു. പക്ഷെ ഇത്തവണ അരിക്ക് പകരം ഞങ്ങളെ കാത്തിരുന്നത് കഴുകി വൃത്തിയാക്കിയ മണല്‍ ആയിരുന്നു . മണലില്‍ എഴുതുക എന്ന് പറയുന്നത് അയ്യോ ഇപ്പോഴും ചൂണ്ടു വിരലില്‍ ഒരു നീറല്‍. അക്ഷരം നേരെ എഴുതിയില്ലെങ്കില്‍ ചൂണ്ടു വിരല്‍ മണലില്‍ അമര്‍ത്തി ആശാന്റെ ഒരു മാസ്റ്റര്‍ പീസ്‌ എഴുത്തുണ്ട്. കണ്ണില്‍ വെള്ളം വന്നു നിറഞ്ഞു കരഞ്ഞു കൊണ്ട് അങ്ങനെ എഴുതിയ എത്ര എത്ര അക്ഷരങ്ങള്‍, വാക്കുകള്‍. അങ്ങനെ ഉള്ള ദിവസങ്ങളില്‍ ആശാന്‍ പോയി കഴിഞ്ഞു പറഞ്ഞ ചീത്തകള്‍ എണ്ണിയാല്‍ തീരില്ല. പിറ്റേന്ന് ഇങ്ങു വരട്ടെ കയറ്റത്തില്‍ നിന്നു തള്ളിയിടും, ചെരുപ്പിന്റെ വള്ളി മുറിക്കും എന്നിങ്ങനെ ഒക്കെ പറഞ്ഞു കഴിഞ്ഞേ സമാധാനം ഉണ്ടാകുകയുള്ളൂ. ഞങ്ങളുടെ ഈ മണലില്‍ എഴുതലും ചീത്ത വിളിക്കലും രണ്ടു വര്‍ഷത്തേക്ക് നിര്‍ബാധം തുടര്‍ന്നു വന്നിരുന്നു. ഇതിനിടക്ക്‌ ഒരു മഴക്കാലത്ത്‌ ആശാന്‍ ഒന്ന് വീണിരുന്നു. അതായിരുന്നു ഞങ്ങളുടെ അവധിക്കാലം. പിന്നീട് എന്റെ വീട്ടിലേക് സ്കൂളില്‍ ചേര്‍ക്കാന്‍ വേണ്ടിയായിരുന്നു. അതോടു കൂടി ആ നല്ല കുട്ടിക്കാലത്തിനും ചെരുപ്പ് വഹിച്ചു കൊണ്ടുള്ള എന്റെ യാത്രകള്‍ക്കും വിരമാമാകുകയായിരുന്നു.


വര്‍ഷങ്ങള്‍ കഴിഞ്ഞു ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു വിങ്ങല്‍. ആ വള്ളിചെരുപ്പു പിടിച്ചു പാടവരംബതൂടെ ഒന്ന് കൂടി നടക്കാന്‍ ആഗ്രഹം...ആ കുഞ്ഞരുവിയില്‍ ഒന്ന് കൂടി ചെന്ന് വെള്ളം ചവിട്ടി തെറിപ്പിക്കണം. അരികത്തു നില്‍ക്കുന്ന മുള്ളിന്‍ കാ പറിച്ചു കഴിക്കണം. കൈതച്ചക്കയുടെ മുള്ളുള്ള കൂര്‍ത്ത ഇലകളില്‍ കുഞ്ഞു പാവാട ഒന്ന് കൂടി കുരുക്കണം. വളരേണ്ടിയിരുന്നില്ല....................


ആദ്യാക്ഷരം കുറിപ്പിച്ച എന്റെ ആ പാവം ആശാന് ഈ ആദ്യ ബ്ലോഗ്‌ ഒരായിരം അശ്രുപുഷ്പങ്ങലോടെ സമര്‍പ്പിക്കുന്നു.





No comments: