Sunday 4 July 2010

ഞാന്‍ സീത.....

ഞാന്‍ സീത..... എന്നെ പരിചയപ്പെടുത്തുന്നതില്‍ കാര്യമില്ല... എന്റെ കാര്യങ്ങള്‍ അറിയാനോ അല്ലെങ്കില്‍ ഞാന്‍ പറയുന്നത് കേള്‍ക്കാനോ ഇവിടെ ആര്‍ക്കും താല്‍പ്പര്യം ഇല്ല. എന്നിട്ടും ഞാന്‍ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. നിങ്ങള്‍ എന്നെ ഭ്രാന്തി എന്ന് വിളിക്കും...എനിക്ക് അറിയാം നിങ്ങള്ക്ക് അതെ വിളിക്കാന്‍ കഴിയൂ...

കണ്ടില്ലേ എന്റെ ഒക്കത്തിരുന്നു വിശന്നു കരയുന്ന കുഞ്ഞിനെ പോലും ഒന്ന് നോക്കാതെ എല്ലാം കടന്നു പോകുന്നത്.... നോക്കുന്നുണ്ട് കൊച്ചമ്മമാരുടെ പുറകില്‍ വെച്ചടിക്കുന്ന ഏമാന്മാര്‍, ഏറുകണ്ണിട്ടും പിന്നെ അല്ലാത്ത വല്ലാത്ത നോട്ടങ്ങളും, കീറി പറിഞ്ഞ തുണി കൊണ്ട് നേരെ ചൊവ്വേ മറക്കാനാവാത്ത എന്റെ ശരീരത്തിലേക്ക് ആണെന്ന് മാത്രം. മുന്നില്‍ വിരിച്ചിട്ട തോര്‍ത്തില്‍ നാണയത്തുട്ടുകള്‍ എങ്കിലും ഒന്ന് എറിഞ്ഞു കൂടെ... എന്റെ മകളുടെ വിശപ്പടക്കാനെങ്കിലും.....

എത്ര ബസുകള്‍ ആണ് വന്നു പോകുന്നത്...എന്തൊക്കെ നിറങ്ങള്‍...കുറെ പേര്‍ ഇറങ്ങുന്നു..പിന്നെ കുറെ പേര്‍ തള്ളി കേറുന്നു...ഇവരൊക്കെ എവിടെ പോകുകയാ ഇത്ര ധൃതി പിടിച്ചു....? സ്കൂള്‍ കുട്ടികളേയും കോളേജ് പിള്ളാരെയും കേറ്റാതെയുള്ള ആ നീല ബസിന്റെ ഒരു ഓട്ടമേ... അത് പറഞ്ഞപ്പോള്‍ ആണ് മുന്നില്‍ ഉള്ള കടയിലെ പ്രതിമയ്ക്ക് ചുറ്റിയ തിളങ്ങുന്ന നീല സാരിയിലേക്ക് വീണ്ടും കണ്ണുടക്കിയത്...അറിയാതെ മുഖമൊന്നു തന്നിലേക്ക് തിരിച്ചു...തന്റെ തന്നെ അര്‍ദ്ധ നഗ്നതയില്‍ അവജ്ഞ തോന്നി..മോഹങ്ങള്‍ തനിക്കുമുണ്ടല്ലോ.... അതുതന്നെയാണല്ലോ ഒക്കത്തിരിക്കുന്ന കുഞ്ഞിന്റെ ജനനത്തിനും കാരണം. ഇപ്പോള്‍ ഈ ശരീരത്തിനോട്‌ അടങ്ങാത്ത ദേഷ്യവും അവജ്ഞയും മാത്രം... ആരാണ് കുഞ്ഞേ നിന്റെ ജനനത്തിന്റെ പകുതി അവകാശി......? ഒരു അമ്മക്ക് മാത്രം പറയാന്‍ കഴിയുന്ന നഗ്ന സത്യം....എന്റെ കുഞ്ഞേ എനിക്ക് അതും അറിയില്ലല്ലോ...

ഇനിയും വയ്യ ഇങ്ങനെ ഈ റോഡുവക്കില്‍ ഇരിക്കാന്‍...തലകറങ്ങുന്ന പോലെ... പഴക്കടക്കു അരികില്‍ കൂട്ടിയിട്ടിരിക്കുന്ന അഴുകിയ പഴങ്ങള്‍ ഒന്ന് കൂടി ചികഞ്ഞാലോ...ഇല്ല ഒന്ന് പോലും ഇല്ല കഴിക്കാന്‍ പറ്റുന്നത്...അഴുകിയതു പോലും ഇവര്‍ എടുത്തു ജ്യൂസ്‌ അടിച്ചു കൊടുക്കുകയാണ്... പിന്നെ എന്ത് ചെയ്യാന്‍...ഇതെന്തിനാ ഇവര്‍ ഇങ്ങനെ തുറിച്ചു നോക്കുന്നത്...? കുടയും പിടിച്ചു സുന്ദരിയായങ്ങു നിന്നാല്‍ മതിയല്ലോ...വിശപ്പ്‌ എന്താന്ന് ഇവര്‍ക്ക് അറീല്ലല്ലോ ..?തുറിച്ചു ഒരു നോട്ടം നോക്കിയപ്പോള്‍ പുച്ഛിച്ചു തല വെട്ടിതിരിച്ചത് കണ്ടില്ലേ.....? അത് കണ്ടിട്ടാണെന്ന് തോന്നുന്നു അടുത്ത് നിന്ന ശാലീനയായ കുട്ടിയുടെ മുഖത്തൊരു പുഞ്ചിരി. ശാലിനി എന്ന് തന്നെയാവും ഇതിന്റെ പേര്... ഒരു കൂര്‍ത്ത നോട്ടം നോക്കിയിട്ടും അതെ പുഞ്ചിരി തന്നെ.... അറിയാതെ ഒരു കുഞ്ഞു പുഞ്ചിരി എന്റെ മുഖത്തും പിറന്നെന്നു തോന്നുന്നു...

ഇനി ഇതും പരതി ഇരുന്നാല്‍ പറ്റില്ല ....ഒഴിഞ്ഞ തോര്‍ത്തും ചുരുട്ടിയെടുത്ത്‌ ഓരോരുത്തരുടെ മുന്നിലേക്ക് ചെല്ലാം. അല്ലാതെ ഇനി വഴിയില്ല.... വാസുവേട്ടന്റെ കയ്യില്‍ ഇന്ന് കിട്ടിയത് കൊടുക്കണം. അല്ലെന്കില്‍ പുളിച്ച തെറിയും പിന്നെ രാത്രിയില്‍ എന്റെ ഈ കീറ തുണി അഴിയുമ്പോള്‍ മുതല്‍ തുടങ്ങുന്ന പരാക്രമങ്ങളും ആയിരിക്കും...ക്ഷീണിച്ചു എവിടെയൊക്കെയോ നീറി തുടങ്ങുമ്പോള്‍, അങ്ങനെ എങ്കിലും ഒന്ന് മുതലാക്കേണ്ടേ എന്ന പതിവ് ചൊല്ല് മനസിനെയും നീറ്റിതുടങ്ങുന്നു. ഇതൊന്നും ഇപ്പോള്‍ ഓര്‍ത്തിട്ടു കാര്യം ഇല്ലല്ലോ... മുന്നിലേക്ക്‌ നീട്ടിയ പിച്ച പാത്രത്തിലേക്ക് ഒന്നും വീഴുന്നില്ലല്ലോ....

ഒന്ന് കയ്യില്‍ പിടിച്ചു ചോദിച്ചാലോ....? എന്റെ കൈ നീണ്ടു വരുന്നതിനു മുന്നേ തന്നെ ഇവര്‍ എന്തിനാണ് പിറകോട്ടു മാറുന്നത്...ഇത് കൊള്ളാം... പേടിച്ചിട്ടോ അതോ ഒട്ടും വൃത്തിയില്ലാത്ത കൈ കണ്ടിട്ടോ... എന്തായാലും കുറച്ചു നേരം മുന്നില്‍ തന്നെ നില്‍ക്കാം .എന്തെങ്കിലും കിട്ടിയാലോ...എത്ര തവണ ഞാന്‍ വാസുവേട്ടനോട് പറഞ്ഞതാ ഞാന്‍ വല്ല കൂലിപ്പണിക്ക് പോയ്ക്കോളം എന്ന്...ഇതിനു മാത്രം നീ പോയാല്‍ മതിയെന്ന് പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തിയാല്‍.... എന്റെ കുഞ്ഞിനെ കൊന്നു കളയും എന്ന് പറഞ്ഞാല്‍....പിന്നെ ഞാന്‍....ഇതൊക്കെ എന്തിനിപ്പോള്‍ വെറുതെ....

ആ പെണ്‍കുട്ടി...ശാലിനി....അത് മാത്രം ഒരു രണ്ടു രൂപ തുട്ടു എന്റെ പാത്രത്തിലേക്ക് ഇട്ടു... വേറെ ജോലി ഒന്നും കിട്ടില്ലേ എന്ന ആ കുട്ടിയുടെ ചോദ്യത്തെ ഒരു മന്ദഹാസം കൊണ്ട് നേരിട്ട് ഒരു കുഞ്ഞു ചിരിയോടെ തൊട്ടടുത്ത്‌ നിന്ന മനുഷ്യന്റെ അരികിലേക്ക് ഞാന്‍ നീങ്ങി...പ്രതീക്ഷയോടെ....എന്താണ് ഞാന്‍ കേട്ടത്...എന്നോട് അടക്കത്തില്‍ എന്താണ് അയാള്‍ പറഞ്ഞത്....എന്റെ കണ്ണുകളില്‍ എരിഞ്ഞ അഗ്നി പുറത്തേക്കു ആളിയപ്പോള്‍ അയാളുടെ സ്വഭാവം മാറി. അടുത്ത് കിടന്ന വാഴക്കുലയുടെ മുണ്ടം എടുത്തു എന്നെ തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങി...എന്റെ രണ്ടു രൂപ തുട്ടു എവിടെക്കോ തെറിച്ചു പോയി...എന്റെ കുഞ്ഞു...അവള്‍ കൂടി അടിയേറ്റു വാവിട്ടു കരയുന്നു...അവളെ എവിടെക്കാണ്‌ ഞാന്‍ മറച്ചു പിടിക്കുക... ഇല്ല തളരുന്നു....എന്റെ പേഴ്സ് മോഷ്ട്ടിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞു എന്നെ അയാള്‍ വീണ്ടും തല്ലുമ്പോള്‍ എന്റെ ഉള്ളിലെ അഭിമാനം ഉമിത്തീ പോലെ എരിഞ്ഞു...

എല്ലാം കറങ്ങുന്ന പോലെ....അടഞ്ഞു പോകുന്ന കണ്ണില്‍ നിറഞ്ഞ കണ്ണുകളോടെ നില്‍ക്കുന്ന ശാലിനി..........നീ..........നീ...............എങ്കിലും എന്നെ മനസിലാക്കിയല്ലോ.........ഇത് സീതാ...സര്‍വം സഹയായ സീതാ........!!!. പതിവൃതയുടെ പരിവേഷമില്ലാത്ത പാവം സീതാ..... !!!

2 comments:

Manoraj said...

ഒട്ടേറെ കാര്യങ്ങൾ ഒരു കൊച്ചു കഥയിലൂടെ പറയാൻ ശ്രമിച്ചു. വാക്കുകളിൽ സമൂഹത്തോടുള്ള തീർത്താൽ തീരാത്ത വെറുപ്പ് കാണാം. ഇനിയും തുടരുക. നന്നായി തന്നെ.

Unknown said...

ഈ കഥക്ക് ഒരു സാമൂഹ്യപ്രശ്നത്തിനു നേരെ വിരല്‍ ചൂണ്ടുന്ന സത്യമുണ്ട്.ഞാന്‍,ഒരു പക്ഷെ എന്നും കേള്‍ക്കുന്ന വരികള്‍ അതു ചിലപ്പോള്‍ കൂട്ടുകാരോ,അനുഭവസ്ഥരോ,മടുത്തു തുടങ്ങിയ തൊഴിലാളികളോ പറയുന്നതാവാം.നാട്ടിലെ വെക്കേഷനു ചെന്നപ്പോള്‍ പെണ്ണുകാണല്‍ ചടങ്ങിനു പോയപ്പോഴും കൂട്ടുകാരന്‍ പറഞ്ഞത് ഇതേ വരികള്‍ തന്നെ യാണ്."ഡാ,അവളു പറയുന്നത് കല്ല്യാണം കഴിഞ്ഞാല്‍ വിസിറ്റിംഗില്‍പ്പോലും എന്നെ ആ മരുഭൂമിയില്‍ കൊണ്ടുപോകരുത്.അതുപോലെ ജോലി കിട്ടിയിട്ടും ഡിപ്രഷന്‍മൂലം നാട്ടില്‍ പോകേണ്ടി വന്ന ഒരു പെണ്‍കുട്ടി.ഇതു വായിച്ചപ്പോള്‍ ഇതൊക്കെയാണ്‌ എന്റെ കണ്‍മുന്നില്‍ നിരന്നത്.

ഈ നശിച്ച ഒരു രീതിയില്‍ നിന്നും മാറാന്‍ മറ്റൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു..

തുടരുക..എല്ലാ ആശംസകളുമ്!!!!!!!!!!!