Monday 12 July 2010

ഇത് " ജീവിതം"......

അഞ്ചു മണിക്ക് അലാറം അടിക്കുന്നത് കേട്ട് എഴുന്നേറ്റപ്പോള്‍ എന്തോ ഒരു മടി. മൂന്ന് അവധി ദിവസം കഴിഞ്ഞു ഓഫീസില്‍ പോകാന്‍ ആര്‍ക്കും തോന്നുന്ന ഒരു മടി... എഴുന്നേല്‍ക്കാനുള്ള പരിശ്രമത്തിനിടെ ഇന്ന് കൂടി അവധി ആയിരുന്നെങ്കില്‍ എന്ന ആത്മഗതം ഉച്ചത്തില്‍ ആയിപ്പോയി. ഉടനെ ഭര്‍ത്താവിന്റെ മറുപടി എത്തി....ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ ആറു മാസം മുന്‍പ്....എന്തായിരുന്നു അന്നത്തെ ഒരു പെര്‍ഫോര്‍മന്‍സ്....? പെട്ടെന്ന് റെഡി ആയി ഓഫീസിലേക്ക് പോകുമ്പോള്‍ ഭര്‍ത്താവു രാവിലെ പറഞ്ഞതായിരുന്നു മനസ്സില്‍... സീറ്റില്‍ ചാഞ്ഞു കിടക്കുമ്പോള്‍ മനസ് ആറ്‌ മാസം പുറകോട്ടു ഓടി...

സമയം പതിനൊന്നു ആകുന്നു..... എന്തിനു വേണ്ടിയാണു എഴുന്നേ്ല്ക്കേണ്ടത്...? രാവിലെ തന്നെ ആളു ജോലിക്ക് പോയി കഴിഞ്ഞിരുന്നു. ആകെപ്പാടെ ചെയ്യാനുള്ളത് ചോറും പിന്നെ രണ്ടു കറിയും വെയ്ക്കുക.... ഒരു മണിക്കൂറിനുള്ളില്‍ കാര്യം കഴിയും.... പിന്നെയും ഉണ്ട് സമയം... ഇത്രയും ബോര്‍ അടിച്ചിട്ടുണ്ടാവില്ല ജീവിതത്തില്‍... എന്തിനു വേണ്ടിയും കാത്തു നില്‍ക്കുക എന്നത് മാത്രമായിരുന്നു എന്നെ ബോര്‍ അടിപ്പിച്ചിട്ടുള്ള ഒരേ ഒരു കാര്യം... ഇപ്പോള്‍ ആകെപ്പാടെ ഒരു മടുപ്പാണ്....

മെയില്‍ ഒന്ന് ചെക്ക്‌ ചെയ്യണം... ഒരുപാടു കമ്പനികളിലേക്ക് ബയോഡേറ്റ അയച്ചു കൊടുത്തതാണ്...പിന്നെ കുറെ ജോബ്‌ സൈറ്റുകളും ചെക്ക്‌ ചെയ്യണം...കുറെ ഒക്കെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ബാക്കി കണ്ടു പിടിക്കണം.... കിടന്നു കൊണ്ട് തന്നെ ലാപ്ടോപ് കൈ എത്തി എടുത്തു... ഓപ്പണ്‍ ചെയ്തു നെറ്റ് കണക്ട് ആകാന്‍ ഇനിയും സമയം എടുക്കും... എഴുന്നേറ്റു ഒരു ഗ്ലാസ്‌ വെള്ളം എടുത്തു വന്നപ്പോഴേക്കും നെറ്റ് കണക്ട് ആയിരുന്നു. ജിമെയില്‍ ഓപ്പണ്‍ ചെയ്തു യൂസേര്നെയിമും പാസ്വേര്‍ഡും കൊടുത്തപ്പോള്‍ എന്തോ ചിരി വന്നു.... ഇരുപത്തിയെട്ടു മെയില്‍ ..... ഒരു ഓടി നോട്ടത്തില്‍ എണ്ണം പത്തായി ചുരുങ്ങി... നിങ്ങളുടെ ബയോഡേറ്റ ഇങ്ങനെ എഴുതിയാല്‍ ശരിയാവില്ല....ഞങ്ങള്‍ ഹെല്പ് ചെയ്യാം.... നിങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യൂ .....പെട്ടെന്ന് ജോലി കിട്ടും.... ഈ പരസ്യ മെയിലുകള്‍ കൊണ്ട് തോറ്റു...കാശുണ്ടാക്കാന്‍ ഇങ്ങനെയും വഴികള്‍... ബാക്കി പത്തെണ്ണത്തിലേക്കു എന്റെ ശ്രദ്ധ തിരിച്ചു...ചില ജോബ്‌ വെക്കെന്സികള്‍... എത്ര വര്ഷം എക്സ്പീരിയന്‍സ് എന്ന് കൂടി നോക്കാതെ എല്ലാത്തിനും ബയോഡേറ്റ അയച്ചു. ഇപ്പോള്‍ അതാണ് പരിപാടി...

ഒരു ജോലി കിട്ടുന്നതിന്റെ കഷ്ടപ്പാടു ഇപ്പോഴാണ്‌ അറിയുന്നത്.... എഞ്ചിനീയറിംഗ് പഠിച്ചു ഇറങ്ങുന്നതിനു മുന്നേ ക്യാമ്പസ്‌ സെലെക്ഷന് വഴി രണ്ടു ജോലി കിട്ടി. അതിന്റെ ജാഡ പേറി നടന്നിരുന്നു.... ഇപ്പോള്‍ അത് തീരെ ഇല്ലാതായി... ഇങ്ങോട്ട് വരുമ്പോള്‍ രണ്ടു വര്‍ഷത്തെ എന്റെ എക്സ്പീരിയന്‍സ് മതിയാകും ഒരു ജോലി കിട്ടാന്‍ എന്ന അഹങ്കാരവും കുറയാന്‍ അധിക സമയം വേണ്ടി വന്നില്ല. വാസ്ത ( രെക്കെമെന്ടെഷന് ) ഇല്ലാതെ ഒരു ജോലി... അതിനി എന്ന് കിട്ടുമോ ആവൊ....

ഏറ്റവും നല്ല തമാശ എന്ന് പറയുന്നത് ഇതിന്റെയെല്ലാം ദേഷ്യം തീര്‍ക്കുന്നത് എന്റെ ഭര്‍ത്താവിനോടായിരുന്നു... നിങ്ങള്‍ ഒരുപാടൊന്നും മനസ്സില്‍ കണക്കു കൂട്ടേണ്ട... പ്രതിഷേധം മൌനത്തോട്‌ കൂടി തുടങ്ങി കരച്ചിലില്‍ എത്തിക്കുക എന്നതാണ് എന്റെ രീതി. വൈകുന്നേരം ജോലി കഴിഞ്ഞു വന്നു കേറുന്ന ആളോട് ഒന്നും മിണ്ടാതിരുന്നാല്‍ എങ്ങനെ...? എന്റെ മൗനം കാണുമ്പോഴേ അറിയാം എന്തോ പ്രശ്നം ഉണ്ടെന്നു... അത് പിന്നെ കരച്ചിലില്‍ തീരുമ്പോള്‍ പതുക്കെ എന്നെയും കൊണ്ട് പുറത്തേക്കിറങ്ങി നടന്നു തുടങ്ങും. നടക്കുന്നതിനിടക്ക് ജോലി കിട്ടാനുള്ള അടുത്ത വഴികള്‍ മുന്നിലോട്ടു വെയ്ക്കും. ഈ ഒരു വൈകുന്നെരത്തുള്ള നടത്ത അതെന്നെ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്...

ഇതൊക്കെ ഇങ്ങനെ പോകുമ്പോഴും ഒറ്റപെടലിന്റെ വേദന അത് വല്ലാതെ തളര്‍ത്തും... നാലു ചുമരുകളും പിന്നെ ഒരു അടുക്കളയും പിന്നെ ഒരു ഹാളും... ആകെയുള്ള കണ്ണാടി ജനലില്‍ കൂടി പുറത്തേക്കു നോക്കിയാല്‍ കാണാവുന്ന വിളറി വെളുത്ത മണ്ണും കുറെ കെട്ടിടങ്ങളും... കാതോര്‍ക്കാതെ തന്നെ കേള്‍ക്കാവുന്ന വണ്ടികളുടെ ഇരമ്പി പായലും. ഇത് എന്നെ മടുപ്പിക്കുന്നു...എന്നെ ഈ ഏകാന്തത ഭയപ്പെടുത്തുന്നു... ഈ കൊടും വെയിലില്‍ എങ്ങോട്ട് ഇറങ്ങി നടക്കാന്‍... ലേബര്‍ ക്യാമ്പിലെ കഷ്ട്ടപ്പാടുകളില്‍ കഴിയുന്നവരെ പറ്റി പറയുമ്പോള്‍, ഇന്ത്യന്‍ എംബസ്സിയില്‍ എങ്ങനെയെങ്കിലും നാട്ടിലോട്ടു പോകാന്‍ പറ്റിയാല്‍ മതി എന്നോര്‍ത്ത് കാത്തു കിടക്കുന്നവരെ പറ്റി പറയുമ്പോള്‍ ഒരു താരതമ്യം എന്റെ മനസിലൂടെ കടന്നു പോകും.

പക്ഷെ ഞാന്‍ ഇവിടെ വന്നത് ഇതിനൊന്നും വേണ്ടിയായിരുന്നില്ല. കല്യാണം കഴിഞ്ഞു ദിവസങ്ങള്‍ക് ഉള്ളില്‍ വിദേശത്തേക്ക് പോയ ഭര്‍ത്താവും ഒന്നിച്ചുള്ള ഒരു ജീവിതം. അതിനു വേണ്ടി ഉള്ള ജോലിയും കളഞ്ഞു വരുമ്പോള്‍ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഒരു കുഞ്ഞു ജോലി ഇവിടെയും വേണം. ആദ്യ മൂന്ന് മാസങ്ങള്‍ മൂന്നു ദിവസങ്ങള്‍ പോലെ പോയി... പിന്നെ അഞ്ചു മിനിറ്റ് താമസിച്ചു വന്നാല്‍ ഭര്‍ത്താവിനോട് പരിഭവമായി... അത് ഒരു മണിക്കൂര്‍ ആയാല്‍ ഫോണ്‍ വിളിച്ചു പിണങ്ങലായി... ഫോണ്‍ എടുത്തില്ലെങ്കില്‍ പിന്നെ ആ ദിവസം പോക്കായി... ഇതിനൊക്കെ പുറമേ ജോലി കിട്ടാത്തതിന്റെ ദേഷ്യം തീര്‍ക്കലും...

ലിനി..... ഓഫീസ് എത്തി.... ഡ്രൈവറുടെ വിളി കേട്ട് കണ്ണ് തുറന്നപ്പോള്‍ എന്റെ പിണക്കങ്ങളെ ഓര്‍ത്തുള്ള ഒരു പുഞ്ചിരി ചുണ്ടിലൂടെ മിന്നി മറയുകയായിരുന്നു. ചിന്തകളെ വീണ്ടും കൂട്ടിലാക്കി കാറില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോള്‍ ഒരു വിങ്ങല്‍ ഒരുപാടു പേര്‍ ഇതുപോലെ ജോലി തിരക്കി നാലു ചുമരുകള്‍ക്കുള്ളില്‍...ഒരുപാടു ജോലിക്കാര്‍ തേങ്ങലടക്കിപിടിച്ചു ആരോരും അറിയാതെ വെറും അടിമകളായി.... ഒരുപാടു ഭാര്യമാര്‍ വിങ്ങുന്ന മനസുമായി ഫ്ലാറ്റുകള്ക്കുള്ളില്.... ഇതൊന്നുമല്ലാതെ ഒരുപാടു ഭാര്യമാര്‍ വികാരങ്ങള്‍ അടക്കി പിടിച്ചു പ്രാര്‍ത്ഥനകളുമായി ഭര്‍ത്താവിനെയും കാത്തു കുടുംബവും നോക്കി നാട്ടില്‍....ഒന്ന് മാത്രം മുന്നില്‍ .... " ജീവിതം"....... കാര്‍ഡ്‌ പഞ്ച് ചെയ്തു, നിറയുന്ന കണ്ണുകള്‍ തുളുമ്പാതെ ശ്രമിച്ചു, മുന്നില്‍ കണ്ട ആരോടോ ഗുഡ് മോര്‍ണിംഗ് പറഞ്ഞു മറുപടി പോലും കാക്കാതെ ഞാന്‍ എന്റെ കാബിനെ ലക്ഷ്യം വെച്ച് നടന്നു....

5 comments:

Anil cheleri kumaran said...

നല്ല എഴുത്താണ്. ചില ചിന്തകളിലുപരി എന്തെങ്കിലുമൊരു സംഭവം കൂടി ഉള്‍‌പ്പെടുത്തി അവസാനിപ്പിക്കാമായിരുന്നു.

lijeesh k said...

ലിനി കഥ നന്നായിട്ടുണ്ട്..
ജോലി ഇല്ലാത്തവര്‍ക്കറിയാം
അതിന്‍റെ ബുദ്ധിമുട്ട്..
എഴുത്തില്‍ ആശംസകള്‍

ലിനി ജയന്‍ said...

കുമാരന്‍ , ലിജീഷ് .....വളരെ നന്ദി...

sm sadique said...

പ്രതിഷേധം മൌനത്തോട്‌ കൂടി തുടങ്ങി കരച്ചിലില്‍ എത്തിക്കുക എന്നതാണ് എന്റെ രീതി. വൈകുന്നേരം ജോലി കഴിഞ്ഞു വന്നു കേറുന്ന ആളോട് ഒന്നും മിണ്ടാതിരുന്നാല്‍ എങ്ങനെ...? എന്റെ മൗനം കാണുമ്പോഴേ അറിയാം എന്തോ പ്രശ്നം ഉണ്ടെന്നു...

ഞാനിതിൽ കാണുന്നു, സ്നേഹനിധിയായ ഒരു ഭർത്താവിനെ.
നല്ല എഴുത്ത്…….

Jishad Cronic said...

നന്നായി എഴുതിയിരിക്കുന്നു .