Thursday, 29 July 2010

ഇത് എനിക്കായി...പിന്നെ നിങ്ങള്ക്ക് വേണ്ടിയും...

തന്റെ ദേഹത്തെ ചുറ്റി പിണഞ്ഞു കിടന്ന കിരണിന്റെ തണുത്ത കൈ എടുത്തു മാറ്റി അലീന ബെഡില്‍  എഴുന്നേറ്റിരുന്നു. തന്റെ നഗ്നമായ ശരീരത്തെ എതിര്‍വശത്തുള്ള കണ്ണാടിയില്‍ കണ്ടു അവള്‍ ചെറുതായി മന്ദഹസിച്ചു. തൊട്ടടുത്തുള്ള പള്ളിയില്‍ രാവിലത്തെ കുര്‍ബാനയുടെ ചൊല്ലുകള്‍ ഈണത്തില്‍ കേള്‍ക്കാമായിരുന്നു. തന്റെ നഗ്ന സൌന്ദര്യത്തെ അടുത്ത് കിടന്ന ബ്ലാന്കെറ്റ് കൊണ്ട് മൂടി അവള്‍ ജനാലയുടെ അടുത്തേക്ക് നടന്നു. ബ്ലാന്കെറ്റ് ഒതുക്കി പിടിച്ചു ജനാല തുറന്നപ്പോള്‍ നല്ല തണുത്ത കാറ്റ് ഉള്ളിലേക്ക് അരിച്ചു കയറി തുടങ്ങിയിരുന്നു.തണുപ്പ് നേരെ  ചുരുണ്ട് കൂടി കിടക്കുന്ന കിരണിനെ പൊതിയുകയായിരുന്നു.താനെടുത്തു  മാറ്റിയ കിരണിന്റെ കൈ അപ്പോഴും ബെഡില്‍ എന്തിനെയോ തിരയുന്ന പോലെ നിവര്ന്നിരിക്കുകയായിരുന്നു.


അതുകണ്ടപ്പോള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ചുരുണ്ട് കൂടി കിടക്കുന്ന കുഞ്ഞിന്റെ മാഗസിനില്‍ വന്ന ഫോട്ടോ അവള്‍ ഓര്‍ത്തു പോയി.പതുക്കെ അവള്‍ തന്റെ വയറില്‍ ഒന്ന് തലോടി. ജനാല തുറന്നപ്പോള്‍ തന്നെ കുര്‍ബാനയുടെ ചൊല്ലുകള്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. ഇന്ന് ഞായറാഴ്ച........നാളെ വീണ്ടും പതിവ് പരിപാടികള്‍...കൂട്ടിയാലും ഗുണിച്ചാലും പിന്നെ കുറെ ഹരിച്ചാലും പിന്നെയും കെട്ടുപിണര്‍ന്നു കൂടികലര്‍ന്നു കിടക്കുന്ന ഒരു പറ്റം ലോജിക്കുകളും...പിന്നെ അതിനെ അടുക്കി പെറുക്കി വെച്ച സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമ്മിങ്ങും...ഒരാഴ്ച എത്ര പെട്ടന്നാണ് കടന്നു പോകുന്നത്. പള്ളിയില്‍ നിന്നും അപ്പോള്‍ കേട്ടിരുന്നത് കുര്‍ബാന കഴിഞ്ഞുള്ള അച്ഛന്റെ ആശീര്‍വാദം ആയിരുന്നു. എന്തോ അവള്‍ തന്റെ തലയില്‍ തൊട്ടു പ്രാര്‍ത്ഥിക്കാന്‍ വേണ്ടി അച്ഛന്റെ അടുത്തേക്ക് കൊണ്ടുപോകുന്ന അമ്മച്ചിയെ  ഓര്‍ത്തു.  ശരീരമാണോ മനസാണോ എന്നറിയാത്ത രീതിയില്‍ എവിടൊക്കെയോ നീറുന്നു...


കിരണ്‍ ഇനിയും എഴുന്നേറ്റിട്ടില്ല.. രാത്രിയില്‍ ഊരിയെറിഞ്ഞ വസ്ത്രങ്ങള്‍ തപ്പിയെടുത്തു വീണ്ടുമിട്ടു ബാഗുമെടുത്ത്‌ ഇറങ്ങുമ്പോള്‍ ബ്ലാന്കെറ്റ് കൊണ്ട് കിരണിനെ നന്നായി  മൂടാന്‍ അവള്‍ മറന്നില്ല. ഗേറ്റ് തുറന്നു ഇറങ്ങുമ്പോള്‍ സെക്യൂരിറ്റി അങ്കിളിന്റെ മുഖത്തെ വൃത്തികെട്ട അശ്ലീല ചിരി കണ്ടില്ലെന്നു നടിച്ചു അവള്‍ മുന്നോട്ടു നടന്നു. കിട്ടിയ ഒരു ഓട്ടോയില്‍ കേറി ഹോസ്റ്റലിന്റെ മുന്നിലെത്തി റൂമിലേക്ക്‌ നടക്കുമ്പോള്‍ പതിവ് പോലെ ആന്റിയുടെ ചോദ്യമെത്തി. "ഇങ്ങനെ എന്തിനാണ് കുട്ടീ ഉറക്കം പോലും കളഞ്ഞു പണി ചെയ്യുന്നത്? ഇന്നലെ ഓഫീസില്‍ നിന്നും വല്ലതും  കഴിച്ചോ..? ഈ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഇത്ര കടുപ്പമുള്ള പണി ആണല്ലേ....? " . എന്ത് ചെയ്യാനാ ആന്റി എന്നാ പതിവ് പല്ലവിയില്‍ മറുപടി ഒതുക്കി അലീന സ്റ്റെപ് കയറി മുകളിലെ റൂമിലെത്തി....ജാക്കെറ്റും  ഇട്ടു ശ്രുതി രാവിലെ തന്നെ കാമുകനോടുള്ള ഫോണ്‍ സല്ലാപം ടെറസ്സില്‍ തുടങ്ങി കഴിഞ്ഞിരുന്നു. ഹോസ്ടലിലെ ബെഡില്‍ വന്നപാടെ കിടക്കുമ്പോഴാണ് തന്റെ മൊബൈലിനെ പറ്റി അലീന ഓര്‍ത്തത്‌.

മൂന്നു മിസ്ഡ് കാള്‍... മൂന്നും അമ്മച്ചിയുടെ... തിരിച്ചു വിളിച്ചു ജോലി തിരക്കിനെ പറ്റി അമ്മച്ചിയോട്‌ പറഞ്ഞിട്ടും പരിഭവം മുഴുവനും മാറിയില്ല.  ക്രിസ്മസിന് എന്തായാലും വരുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ സന്തോഷമായെന്നു  തോന്നുന്നു.പള്ളിയിലേക്ക് പോകുന്ന അമ്മച്ചിയോട്‌ എനിക്ക് കൂടി വേണ്ടി പ്രാര്‍ത്ഥിക്കണേ എന്ന് പറയുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു.... എവിടൊക്കെയോ വിങ്ങുന്നു...പാടുപെട്ടു പഠിപ്പിച്ചു ഇവിടം വരെ എത്തിച്ച അമ്മച്ചിയോട്‌ കള്ളം പറയുമ്പോള്‍ ഉള്ളില്‍ ഒരു നെരിപ്പോട് എരിയുകയായിരുന്നു അലീനയുടെ ഉള്ളില്‍. കിരണിന്റെ കയ്യിലുള്ള തന്റെ ഫോട്ടോകള്‍...അത് ഉമിത്തീ പോലെ തന്നെ നീറ്റിക്കുന്നു. ഒരു വിശുദ്ധ പ്രണയത്തിന്റെ അന്ത്യത്തില്‍ മൂടുപടങ്ങള്‍ ഒന്നുമില്ലാതെ നമ്മുക്ക് യാത്ര തുടങ്ങാം എന്ന വാക്കുകള്‍ വിശ്വസിക്കുമ്പോള്‍...... മൂടുപടങ്ങള്‍ ഒന്നൊന്നായി വലിച്ചെറിയുമ്പോള്‍..... ക്യാമറ കണ്ണുകള്‍ അതും ഒപ്പിയെടുക്കുന്നുണ്ടായിരുന്നു എന്ന തിരിച്ചറിവ് എത്തിയത് പിന്നെ കിരണ്‍ തന്നെ അത് കാട്ടി ആര്‍ത്താര്‍ത്തു ചിരിക്കുമ്പോഴായിരുന്നു...പിന്നെ എത്ര തവണ ആ കിടക്കയില്‍ തനിക്കു എത്തേണ്ടി വന്നിട്ടുണ്ട്...


ഒന്ന് ശുദ്ധമാകണം...ദേഹത്തേക്ക് തണുത്ത വെള്ളം വീഴുമ്പോള്‍ അലീനയുടെ മനസ് ഉരുകുകയായിരുന്നു...കിരണ്‍ ഇപ്പോഴും എഴുന്നേറ്റു  കാണില്ല...ഇനി അവന്‍ എഴുന്നേല്‍ക്കുകയും ഇല്ല...ടാപ്പില്‍ നിന്നും വീഴുന്ന വെള്ളത്തോടൊപ്പം തന്റെ കൈത്തണ്ടയില്‍ നിന്നും ഒഴുകുന്ന ചോരത്തുള്ളികള്‍ കൂടി ചേര്‍ന്ന് പടരുന്നത്‌  കണ്ടപ്പോള്‍ അവള്‍ അതൊരു കുഞ്ഞിന്റെ കൌതുകത്തോടെ കണ്ടു നിന്നു..... അപ്പോള്‍ അവളുടെ ഉള്ളില്‍ ഒരു കുഞ്ഞു ജീവന്‍ പിടയുകയായിരുന്നു. അമ്മയും കുഞ്ഞുമായി അലിഞ്ഞവര്‍ വെള്ളത്തോടൊപ്പം ഒഴുകി അകലുമ്പോള്‍ അവളുടെ ബാഗില്‍ കിടന്ന ഫോണില്‍ അമ്മച്ചിയുടെ വിളിയെത്തി.. മൊബൈലിന്റെ വൈബ്രെഷനോപ്പം അവളുടെ കുറെ ഫോട്ടോകളും പ്രേഗ്നന്‍സി രിസല്ട്ടിന്റെ പേപ്പറും വിറക്കുന്നുണ്ടായിരുന്നു....
15 comments:

thabarakrahman said...

ഇത് കഥയാണോ സങ്കല്പ്പമാണോ എന്നറിയില്ല.
എന്തായാലും അവതരണ രീതി നന്നായി.
കലികാലത്തിനു നേരെ തിരിച്ചുവച്ച കണ്ണാടി
തന്നെയാണ് ഇക്കഥ.
നന്ദി, ഭാവുകങ്ങള്‍.

sm sadique said...

കിരണിന്റെ കയ്യിലുള്ള തന്റെ ഫോട്ടോകള്‍...അത് ഉമിത്തീ പോലെ തന്നെ നീറ്റിക്കുന്നു. ഒരു വിശുദ്ധ പ്രണയത്തിന്റെ അന്ത്യത്തില്‍ മൂടുപടങ്ങള്‍ ഒന്നുമില്ലാതെ നമ്മുക്ക് യാത്ര തുടങ്ങാം എന്ന വാക്കുകള്‍ വിശ്വസിക്കുമ്പോള്‍...... മൂടുപടങ്ങള്‍ ഒന്നൊന്നായി വലിച്ചെറിയുമ്പോള്‍..... ക്യാമറ കണ്ണുകള്‍ അതും ഒപ്പിയെടുക്കുന്നുണ്ടായിരുന്നു എന്ന തിരിച്ചറിവ് എത്തിയത് പിന്നെ കിരണ്‍ തന്നെ അത് കാട്ടി ആര്‍ത്താര്‍ത്തു ചിരിക്കുമ്പോഴായിരുന്നു...പിന്നെ എത്ര തവണ ആ കിടക്കയില്‍ തനിക്കു എത്തേണ്ടി വന്നിട്ടുണ്ട്...
“ഇങ്ങനെ എത്ര ജന്മങ്ങൾ ഉമിതീ പോലെ കത്തുന്നുണ്ടാവും ഈ ലോകത്ത്…..?”
പള്ളി മണി ഒച്ചകൾ ശബ്ദിച്ച് കൊണ്ടിരുന്നു………. മനുഷ്യമനസ്സിൽ നന്മകൾ
വിരിയാൻ……

അനില്‍കുമാര്‍. സി.പി. said...

തികച്ചും സാധാരണമായി പറഞ്ഞു തുടങ്ങിയ ഒരു കഥ അതിന്റെ പരിസമാപ്തിയുടെ ട്വിസ്റ്റ് കൊണ്ട് ശ്രദ്ധേയമായി. ഒഴുക്കുള്ള രചനയും.

Manoraj said...

അവസാന പാരഗ്രാഹ് കിടിലന്‍. പക്ഷെ അത് വരെയുള്ളത് സാധാരണ ഒരു പ്രമേയമായി പോയി. എന്നിരിക്കിലും എഴുതാനുള്ള ടാലന്റ് വളരെ മനോഹരമായി തന്നെ കാട്ടുന്നു ഈ രചന

IndianSatan said...

കൊള്ളാം വളരേ നന്നായിട്ടുണ്ട്...........
ഒത്തിരി 'സത്യം' അടങ്ങിയ കഥ......

ഗോപീകൃഷ്ണ൯.വി.ജി said...

എഴുത്ത് നന്നായി...

കുഞ്ഞൂസ് (Kunjuss) said...

സാധാരണ കഥ പോലെ തുടങ്ങിയെങ്കിലും, വ്യത്യസ്തമായ അവസാനം കഥയെ വളരെ മികച്ചതാക്കി.
ആശംസകള്‍!

NRI BLOGGER said...

എന്തിനാ ഇത്ര വേദന തന്നത്? ഈ കഥ മനസ്സിനെ സ്പര്‍ശിച്ചു. എഴുത്ത് നന്നയിരിക്കുന്നു. പലപ്പോഴും പാപം കലര്‍ന്ന കൊച്ചു കൊച്ചു രസങ്ങള്‍ക്കൊടുവില്‍ ഇതു പോലുള്ള ദുരന്തമായിരിക്കും ഫലം.

ഭാവുകങ്ങള്‍

Anonymous said...

http://www.samakaleesam.blogspot.com/ കാളിദാസൻ എന്ന വ്യാജനാമത്തിൽ ബ്ലോഗിക്കുന്നവന്റെ വിശേഷങ്ങൾ അറിയാൻ

Jishad Cronic said...

katha ano real ano?

Dileep said...

വായിച്ചു ഇഷ്ട്ടപ്പെട്ടു നന്ദി

chandunair said...

കുഞ്ഞൂസിന്റെ ഒരു കഥ വായിച്ചിട്ട് ഞാൻ ഒരു അഭിപ്രായം പറഞ്ഞു....അതിങ്ങനെ “ ഒരു കള്ളം( കഥ )എഴുതുന്നത്, സത്യമാണെന്ന് വായനക്കാരെക്കൊണ്ട് തോന്നിപ്പിച്ചാൽ കഥാകാരൻ വിജയിക്കുന്നു.... ഇവിടേയും അത് തന്നെ സംഭവിച്ചിരിക്കുന്നു...ഭാവുകങ്ങൾ.....“ആരഭി ബ്ലോഗ് chandunair.blogspot.com നോക്കുക

chandunair said...
This comment has been removed by the author.
രാജി ഗോപാലകൃഷ്ണന്‍ said...

ഇന്നിന്‍റെ കഥ , നന്നായിരിക്കുന്നു

Jinto Perumpadavom said...

ഉപ്പു തിന്നവള്‍ വെള്ളം കുടിക്കും ......അത്ര തന്നെ .....നന്നായി പോയി ...